തിരുവനന്തപുരം: ആശ്രിത നിയമനം കടുപ്പിക്കാനുള്ള സർക്കാറിന്റെ കരട് നിർദേശത്തെ ഒന്നടങ്കം എതിർത്ത് സർവിസ് സംഘടനകൾ. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ ഭരണാനുകൂല സംഘടനയായ എൻ.ജി.ഒ യൂനിയന്‍ അടക്കം സംഘടനകള്‍ ആശ്രിത നിയമനത്തില്‍നിന്ന് 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഒഴിവാക്കാനുള്ള നീക്കത്തെ എതിര്‍ത്തു. ആശ്രിത നിയമനം വേണമെങ്കിൽ മരണസമയത്ത് ആശ്രിതന് 13 വയസ്സുണ്ടാകണമെന്നാണ് കരട് നിർദേശങ്ങളിലുള്ളത്. സമാശ്വാസ തൊഴില്‍ദാന പദ്ധതിയായ ആശ്രിത നിയമനത്തെ അട്ടിമറിക്കുന്നതാണ് പുതിയ കരട് നിര്‍ദേശമെന്ന് എൻ.ജി.ഒ അസോസിയേഷനും കേരള സെക്രട്ടേറിയറ്റ് അസോസിയേഷനും ചൂണ്ടിക്കാട്ടി. കരട് ശിപാർശ അംഗീകരിക്കാനാവില്ലെന്ന് ജോയന്റ് കൗൺസിലും നിലപാടെടുത്തു.
13 വയസ്സിന് താഴെയാണ് ആശ്രിതന് പ്രായമെങ്കിൽ സമാശ്വാസ ധനസഹായത്തിന് മാത്രമേ അർഹതയുണ്ടാവൂ എന്ന നിർദേശത്തെയും സംഘടനകൾ വിമർശിച്ചു. സമാശ്വാസ തൊഴില്‍ദാന പദ്ധതിക്ക് പകരമാകില്ല സമാശ്വാസ ധനസഹായമെന്ന് പ്രതിനിധികൾ വ്യക്തമാക്കി.
ആശ്രിതനിയമനം വേണോ അതോ സമാശ്വാസ ധനസഹായം വേണോ എന്ന ഓപ്ഷന് ഇതിനുള്ള അപേക്ഷാ ഫോറത്തില്‍ ഉള്‍പ്പെടുത്താമെന്ന നിര്‍ദേശവും യോഗത്തിലുയര്‍ന്നു. ആശ്രിത നിയമനത്തിനായി നിലവില്‍ അപേക്ഷിച്ചവരെ അദാലത്തിന് ക്ഷണിച്ച് ആവശ്യമായവര്‍ക്ക് സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം നിയമനം നല്‍കാമെന്ന വ്യവസ്ഥയെയും പ്രതിപക്ഷ സര്‍വിസ് സംഘടനകള്‍ എതിര്‍ത്തു. അപേക്ഷിച്ചവരെ അദാലത്തിന് ക്ഷണിക്കാതെ ഇവര്‍ക്ക് സമയബന്ധിതമായി തൊഴില്‍ ലഭ്യമാക്കണം.
സര്‍വിസ് സംഘടനകളുടെ നിര്‍ദേശങ്ങള്‍ രണ്ടാഴ്ചക്കകം എഴുതിനല്‍കണമെന്നും ഇവ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.
കുടുംബവരുമാനം എട്ട് ലക്ഷം രൂപയിൽ ഉൾപ്പെടുന്നവർക്ക് മാത്രമേ ആശ്രിത നിയമനത്തിനും സമാശ്വാസ ധനസഹായത്തിനും അർഹതയുണ്ടാവൂവെന്നാണ് കരട് നിർദേശങ്ങളിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.