‘സത്യമേവ ജയതേ’; രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കിയതിനു പിന്നാലെ പ്രതികരണവുമായി അതിജീവിത

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയും കോൺഗ്രസ് പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കുകയും ചെയ്തതിനു പിന്നാല പ്രതികരണവുമായി ആദ്യ പരാതിക്കാരി.

കറുത്ത പ്രതലത്തിൽ വെള്ള മഷിയിൽ ‘സത്യമേവ ജയതേ’ എന്നെഴുതിയ കാർഡാണ് ഇവർ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഇതേ സന്ദേശം തന്നെയാണ് കേസെടുത്ത ദിവസം രാഹുലും പങ്കുവെച്ചത്. `സത്യം ജയിക്കും' എന്ന പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ശേഷമാണ് രാഹുൽ ഒളിവിൽ പോകുന്നത്. രാഹുലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയാണ് തള്ളിയത്. തൊട്ടുപിന്നാലെ രാഹുലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കോൺഗ്രസ് പുറത്താക്കി. രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ വിശദ വാദത്തിനുശേഷമാണ് ജാമ്യം തള്ളിയുള്ള സുപ്രധാന വിധി. രാഹുലിന്‍റെ അറസ്റ്റ് തടയണമെന്ന ഹർജിയും കോടതി തള്ളി.

രാഹുൽ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജാമ്യം നിഷേധിച്ചത് പുറത്തുവന്നതിന് പിന്നാലെയായിരുന്നു പാർട്ടി നടപടി. നിലവില്‍ സസ്പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു.

യുവതിയെ പീഡിപ്പിച്ചതിനും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതിനുമാണ് രാഹുലിനെതിരേ പൊലീസ് കേസെടുത്തിരുന്നത്. രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇരുവിഭാഗത്തിന്‍റെയും വിശദവാദമാണ് അടച്ചിട്ട കോടതി മുറിക്കുള്ളിൽ നടന്നത്. ബുധനാഴ്ച ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്. രാഹുല്‍ സ്ഥിരമായി ഇത്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണെന്നും ജാമ്യം നല്‍കുന്നത് കേസിന്‍റെ തുടര്‍നടപടികളെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. രാഹുലിനെതിരെ പുതുതായി രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിന്‍റെ എഫ്‌.ഐ.ആറും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയ സാഹചര്യത്തില്‍ വെള്ളിയാഴ്ച ഹൈകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് രാഹുല്‍. രാഹുലിന്റെ ഒളിത്താവളം കണ്ടെത്താനും എത്രയും വേഗം അറസ്റ്റുചെയ്യാനുമുള്ള ഊര്‍ജിതമായ ശ്രമത്തിലാണ് പൊലീസ്.

Tags:    
News Summary - After Congress expelled Rahul Mamkootathil, The first complainant responds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.