അഡ്വ. ടി.പി. രാമചന്ദ്രൻ നിര്യാതനായി

മഞ്ചേരി: മഞ്ചേരിയിലെ സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യവും സാഹിത്യകാരനും പ്രമുഖ അഭിഭാഷകനുമായ മഞ്ചേരി വെള്ളാരങ്ങൽ ലക്ഷ്മിയിൽ ടി.പി. രാമചന്ദ്രൻ (64) അന്തരിച്ചു. മഞ്ചേരി കച്ചേരിപ്പടി റിച്ച്മെൻ ബിൽഡിങ്ങിലെ ഓഫിസിൽ വ്യാഴാഴ്ച വൈകീട്ട് നാലിന് കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവർത്തകരും അടുത്ത ഓഫിസിലുള്ളവരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാലു പതിറ്റാണ്ട് മുമ്പ് അഭിഭാഷക ക്ലർക്കായാണ് മഞ്ചേരിയിലെത്തിയത്. പിന്നീട് കോഴിക്കോട് ലോ കോളജിൽനിന്ന് നിയമബിരുദം നേടി.

വിദ്യാർഥി ജനതാദൾ മലപ്പുറം ജില്ല പ്രസിഡന്റ്, യുവജനത സംസ്ഥാന സെക്രട്ടറി, ജനതാദൾ ജില്ല സെക്രട്ടറി, സഹൃദയ, കേരള ആർട്ട് ആൻഡ് ലിറ്ററേച്ചർ അക്കാദമി (കല) ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചു. ചേറുമ്പ് അംശം ദേശം, അധികാരി എന്നീ നോവലുകൾ രചിച്ചു. ചേറുമ്പ് അംശം ദേശം നോവലിന് കോഴിക്കോട് ബാർ അസോസിയേഷൻ തകഴി പുരസ്‌കാരം ലഭിച്ചു. മഞ്ചേരിയിലെ വിവിധ സാംസ്കാരിക സംഗമങ്ങൾക്കും നേതൃത്വം നൽകി.

കരുവാരകുണ്ട് നീലാഞ്ചേരി അപ്പുണ്ണിയുടെയും കാർത്യായനിയുടെയും മകനാണ്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ശ്യാം കൃഷ്ണൻ (ഖത്തർ), ഡോ. ശ്രീലക്ഷ്‌മി. മരുമക്കൾ: ജിബിൻ (കെ.എം.സി.ടി എൻജിനീയറിങ് കോളജ്, മുക്കം) അഡ്വ. ധന്യ. സഹോദരങ്ങൾ: അയ്യപ്പൻ, രാധാകൃഷ്ണൻ, സുന്ദരൻ, രവീന്ദ്രൻ, പുഷ്പലത, പരേതനായ രാജഗോപാലൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് മഞ്ചേരി വേട്ടേക്കോട് ശ്‌മശാനത്തിൽ.


Tags:    
News Summary - Adv. T.P. Ramachandran passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.