കാട്ടാന ആക്രമണം: ആറളത്ത് ആളിക്കത്തി പ്രതിഷേധം

കോഴിക്കോട് : കണ്ണൂരിലെ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിൽ വൻ പ്രതിഷേധമുയർത്തി ആദിവാസികൾ. സ്ഥലത്തെത്തിയ സി.പി.എം നേതാവ് എം.വി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളെ നാട്ടുകാർ തടഞ്ഞു. ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസും നാട്ടുകാർ തടഞ്ഞു. ആരെയും ഉള്ളിലേക്ക് കയറ്റിവിടില്ലെന്ന നിലപാടിലാണ് നാട്ടുകാരുടെ പ്രതിഷേധം.

കാട്ടാനയുടെ ആക്രമണം തടയുന്നതിന്  പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് ആദിവാസികൾ രംഗത്തിറങ്ങിയത്. റോഡ് ഉപരോധിച്ച നാട്ടുകാരെ പൊലീസ് ബലം പ്രയോ​ഗിച്ചുനീക്കി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്. വനംവകുപ്പിനോട് ഉദ്യോ​ഗസ്ഥരോടുമാണ് പ്രതിഷേധമെന്ന് നാട്ടുകാർ പറഞ്ഞു. കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടില്ല. മന്ത്രിയും കലക്ടറും എത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.

പുനരധിവാസമേഖലയിൽ കശുവണ്ടി ശേഖരിക്കാൻ പോയ ആദിവാസി ദമ്പതിമാരെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഇവരുടെ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം എത്തിച്ചപ്പോഴാണ് ആംബുലൻസ് തടഞ്ഞത്. ആദിവാസി പുനരധിവാസ മേഖലയിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അതിനാൽ ഉന്നതതല ഇടപെടൽ വേണമെന്നാണ് ആദിവാസികളുടെ ആവശ്യം.

കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം വേണം. സർക്കാർ നൽകിയ വാഗ്ദാനങ്ങളെന്നും പുനരധിവാസ മേഖലയിൽ പാലിച്ചിട്ടില്ല. സംഭവം നടന്നിട്ട് വനം മന്ത്രി ഇതുവരെ എത്തിയിട്ടില്ല. ഫാമിലെത്തുന്ന കാട്ടാനകളെ തിരുത്തുന്നതിൽ വനം വകുപ്പ് പരാജയമാണ്. ആനമതിൽ നിർമാണം പാതി വഴിയിലാണ്. മതിൽ നിർമാണത്തിന് മരങ്ങൾ മുറിച്ച് മാറ്റുന്നതിന് തടസം നിൽക്കുന്നത് വനംവകുപ്പാണെന്ന് ആരോപിക്കുന്നു. 

മരിച്ച ആദിവാസികളുടെ വീട്ടിലേക്ക് സർക്കാർ തലത്തിൽ ആരും എത്തിയില്ല. സർവകക്ഷിയോഗത്തിൽ ആദിവാനി സംഘടനകളെ പങ്കെടുപ്പിച്ചതുമില്ല. രണ്ടായിരത്തോളം കുടുംബങ്ങൾക്കാണ് പുനരധിവാസത്തിന് ഭൂമി നൽകിയത്. ജീവനിൽ ഭയമുള്ളതിനാൽ അതിൽ പകുതിയോളം കുടുംബങ്ങൾ ഫാമിലെ ഭൂമി ഉപേക്ഷിച്ചു പുറത്ത് പോയി. 

ആറളം ഫാം ആദിവാസി ബ്ലോക്ക് 13-ൽ കരിക്കൻമുക്ക് അങ്കണവാടി റോഡിനോടുചേർന്നാണ് കാട്ടാന ആക്രണം ഉണ്ടായത്. അമ്പലക്കണ്ടി നഗറിൽനിന്ന് എത്തി, ഫാമിലെ 1542-ാം പ്ലോട്ടിൽ താമസിക്കുന്ന വെള്ളി (80), ഭാര്യ ലീല (75) എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്. ഇരുവരുടെയും മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നു. വെള്ളിയുടെ ബന്ധുവിന്റെ പറമ്പിലാണ് സംഭവം നടന്നത്.

കശുവണ്ടിയും വിറകുകെട്ടുമായി ഇരുവരും വീട്ടിലേക്ക് വരുന്ന വഴിയിൽ ആളൊഴിഞ്ഞ വീടിന്റെ പിറകുവശത്ത് കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് ആറോടെയാണ് വിവരം പുറംലോകമറിഞ്ഞത്. ഇരുവരും വീട്ടിലെത്താത്തതിനെത്തുടർന്ന് മകളുടെ ഭർത്താവും ബന്ധുക്കളും അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയോടെയാണ് ഇവരെ കാട്ടാന ആക്രമിച്ചതെന്നാണ് സംശയം. മൃതദേഹത്തിന് സമീപത്തെ രക്തപ്പാടുകൾ ഉണങ്ങി കട്ടപിടിച്ച നിലയിലായിരുന്നു. 

Tags:    
News Summary - Adivasis raised a huge protest in Aralam farm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.