കോഴിക്കോട്: ഏഴുവയസ്സുകാരിയെ പട്ടിണിക്കിട്ട് പീഡിപ്പിച്ചു കൊന്ന കേസില്‍ പിതാവിനും രണ്ടാനമ്മക്കും കഠിന തടവും പിഴയും. ബിലാത്തിക്കുളം താമരക്കുളം ലക്ഷ്മിനിവാസില്‍ അതിദി എസ്. നമ്പൂതിരിയെ കൊന്ന കേസില്‍ ഒന്നാംപ്രതിയായ പിതാവ് ബിലാത്തിക്കുളത്ത് താമസിക്കുന്ന തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിക്ക് (41) മൂന്നു വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് കുട്ടികള്‍ക്കെതിരായ ആക്രമണം തടയാനുള്ള പ്രത്യേക കോടതി കൂടിയായ കോഴിക്കോട് രണ്ടാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി വിധിച്ചത്.
ഭാര്യ റംലബീഗം എന്ന ദേവിക അന്തര്‍ജ്ജനം (42) രണ്ട് കൊല്ലം കഠിന തടവ് അനുഭവിക്കണം. കൊലക്കുറ്റം തെളിയാത്തതിനാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 223(കൈകൊണ്ടുള്ള അടി), 224 (ആയുധം കൊണ്ടുള്ള മര്‍ദനം), ബാലനീതി നിയമം 23 (കുട്ടികളോട് ക്രൂരത കാട്ടല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷന്‍ ആരോപിച്ച കൊലപാതകക്കുറ്റവും വധശ്രമവും തെളിയിക്കാനായില്ളെന്നാണ് കോടതിയുടെ കണ്ടത്തെല്‍. അടിച്ചതിന് തെളിവുണ്ടെങ്കിലും അടി മരണകാരണമായെന്നും പട്ടിണിക്കിട്ടെന്നും തെളിയിക്കാനായില്ല. പിതാവ് നല്‍കുന്ന പിഴ സംഖ്യ മുഖ്യ സാക്ഷിയായ അതിദിയുടെ സഹോദരന്‍ അരുണ്‍ എസ്. നമ്പൂതിരിക്ക് നല്‍കണമെന്നും പിഴയടച്ചില്ളെങ്കില്‍ ആറുമാസം കൂടി തടവനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ശിക്ഷ കുറഞ്ഞുപോയ സാഹചര്യത്തില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
അയല്‍വാസികളും അതിദിയുടെ വിദ്യാലയത്തിലെ അധ്യാപകരും മറ്റും ഉള്‍പ്പെടെ 29 സാക്ഷികളെ വിസ്തരിച്ചു. 38 രേഖകളും അതിദിയെ അടിക്കാന്‍ ഉപയോഗിച്ച പട്ടികകഷണം തൊണ്ടിയായും ഹാജരാക്കി. 2013 ഏപ്രില്‍ 29നായിരുന്നു സംഭവം. അവശനിലയിലായ കുട്ടിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും എത്തിച്ചു. അവിടെ മരിച്ചതായാണ് കേസ്.
പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊന്നുവെന്നാരോപിച്ച് നടക്കാവ് സി.ഐ പി.കെ. സന്തോഷ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജാമ്യമെടുത്ത പ്രതികള്‍ വിചാരണ ദിവസം മുങ്ങിയത് വാര്‍ത്തയായിരുന്നു. പിന്നീട് ഇവരെ പൊലീസ് കണ്ടത്തെി. കുറഞ്ഞ ശിക്ഷയായതിനാല്‍ വിധി പറഞ്ഞ കോടതിയില്‍നിന്നുതന്നെ ജാമ്യം കിട്ടുമെങ്കിലും ജാമ്യപേക്ഷ നല്‍കാത്തതിനാല്‍ ഇരുവരെയും കോഴിക്കോട് ജില്ലാ ജയിലിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.