തിരുവനന്തപുരം: ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്ത പത്താം ക്ലാസുകാരൻ ആദിശേഖറിനെ (15) വഴിയിൽ കാത്തുനിന്ന് കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരഞ്ജൻ കുറ്റക്കാരനെന്ന് കോടതി. വിദ്യാർഥിയെ മനഃപൂർവം കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി, ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകാനും കോടതി ഉത്തരവായി.
പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഷീബയുടെയും മകനാണ് കൊല്ലപ്പെട്ട ആദിശേഖര്‍. കാട്ടാക്കട ചിന്മയ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു. പ്രോസിക്യൂഷൻ ഹാജരാക്കിയ 30 സാക്ഷികളുടെയും 43 രേഖകളുടെയും 11 തൊണ്ടിമുതലുകളുടെയും അടിസ്ഥാനത്തിലായിരുന്നു വിധി. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളാണ് കേസിൽ നിർണായക തെളിവായത്.
2023 ആഗസ്റ്റ് 30ന് വൈകീട്ട് വീടിന് സമീപത്തെ പുളിങ്കോട് ഭദ്രകാളി ക്ഷേത്ര റോഡിൽവെച്ചായിരുന്നു മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച അരുംകൊല അരങ്ങേറിയത്. കൊലപാതകത്തിന് ദിവസങ്ങൾക്കുമുമ്പ് ക്ഷേത്രമതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിക്കുന്നത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിന് പ്രതികാരം തീർക്കാൻ ക്ഷേത്ര ഗ്രൗണ്ടിന് സമീപം കാറുമായി കാത്തുനിൽക്കുകയായിരുന്നു ഇയാൾ.
ഫുട്ബാൾ കളി കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങാൻ തുടങ്ങിയ ആദിശേഖറിന് നേരെ അമിതവേഗത്തിൽ കാർ ഓടിച്ച് കയറ്റുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ആദിശേഖർ മരിച്ചു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ആദ്യം പൊലീസ് കേസെടുത്തത്. കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ മൊഴിയും ദൃശ്യങ്ങളുമാണ് ആസൂത്രിത കൊലപാതകമെന്ന് തിരിച്ചറിയാന്‍ സഹായകമായത്.
സംഭവത്തിനു ശേഷം കാര്‍ ഉപേക്ഷിച്ച് കുടുംബവുമായി തമിഴ്നാട്ടിലേക്ക് കടന്ന പ്രിയരഞ്ജനെ കാട്ടാക്കട സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഡി. ഷിബുകുമാറിന്റെ നേതൃത്വത്തിൽ 12ാം ദിവസം കന്യാകുമാരി കുഴിത്തുറയില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.