തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എ.ഐ.ജി സ്ഥാനത്തുനിന്ന് വി.ജി.വിനോദ്കുമാർ തെറിച്ചതിന് പിന്നിൽ എ.ഡി.ജി.പി (ക്രമസമാധാനം) എച്ച്. വെങ്കിടേഷിന്റെ അതൃപ്തിയെന്ന് വിവരം. തന്റെ ഓഫിസിലെ പല വിവരങ്ങളും ചോരുകയാണെന്നും ഗുരുതര ആരോപണങ്ങൾ നേരിടുന്ന വിനോദ് കുമാറിനെ ഒഴിവാക്കാതെ മുന്നോട്ടുപോകാനില്ലെന്നും ക്രൈംബ്രാഞ്ച് മേധാവികൂടിയായ എച്ച്. വെങ്കിടേഷ് സംസ്ഥാന പൊലീസ് മേധാവിയെയും ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രിയുടെ ഓഫിസിനെയും അറിയിച്ച പശ്ചാത്തലത്തിലാണ് വിനോദിനെ നീക്കിയത്.
വിവരസാങ്കേതിക വിനിമയ എസ്.പിയായാണ് പുനർ നിയമനം. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് വിനോദ് കുമാറിനെ ആഭ്യന്തരവകുപ്പ് സ്ഥലം മാറ്റുന്നത്. ആറന്മുള പോക്സോ അട്ടിമറി കേസിൽ പത്തനംതിട്ട എസ്.പിയായിരുന്ന വിനോദ് കുമാറിന് വീഴ്ചയുണ്ടായെന്ന തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിത ബീഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് കഴിഞ്ഞ ജൂലൈ 24ന് എസ്.പി സ്ഥാനത്തു നിന്ന് ഇദ്ദേഹത്തെ ക്രമസമാധാന ചുമതലയുള്ള എ.ഐ.ജിയാക്കിയത്.
കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമ്പോൾ വിനോദിനെ പൊലീസ് ആസ്ഥാനത്ത് സുപ്രധാന തസ്തികയിൽ നിയമിച്ചതിന് പിന്നിൽ ബാല്യകാല സുഹൃത്തുകൂടിയായ ഒരു മന്ത്രിയുടെ ഇടപെടലുണ്ടായിരുന്നുവെന്ന ആരോപണം ശക്തമായിരുന്നു.
വിനോദ് കുമാറിനെ പത്തനംതിട്ടയില്‍ നിന്ന് മാറ്റിയതിന് പിന്നാലെ രണ്ട് വനിതാ എസ്.ഐമാര്‍ ഇദ്ദേഹത്തിനെതിരെ റേഞ്ച് ഡി.ഐ.ജിക്ക് പരാതി നല്കി. അർധരാത്രി ഫോണിലേക്ക് മോശം വാട്സാപ്പ് സന്ദേശങ്ങള്‍ അയക്കുന്നുവെന്നും എസ്.പിക്കെതിരെ പോഷ് ആക്ട് പ്രകാരം കേസ് എടുക്കണമെന്നുമായിരുന്നു ആവശ്യം.
പൊലീസുകാരുടെ മൊഴി രേഖപ്പെടുത്തി റേഞ്ച് ഡി.ഐ.ജി റിപ്പോർട്ട് പൊലീസ് മേധാവിക്ക് നൽകി. റിപ്പോർട്ട് പൊലീസ് ആസ്ഥാനത്തെ ആഭ്യന്തര പരാതിപരിഹാര സമിതിയിലെ എസ്.പി മെറിന് ജോസഫ് അന്വേഷിക്കുകയാണ്. മൊഴിയെടുപ്പുകൾ പൂർത്തിയായെങ്കിലും അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
എന്നാൽ പരാതിക്കാരായ വനിത എസ്.ഐമാർക്കെതിരെ സ്വന്തം നിലയിൽ വിനോദ് കുമാർ ‘അന്വേഷണ’വുമായി നീങ്ങിയതും ഓഫിസിലെ ചില രഹസ്യ വിവരങ്ങൾ ചോർന്നതുമാണ് എച്ച്. വെങ്കിടേഷിനെ പ്രകോപിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.