ഹരിപ്പാട് സബർമതി സ്പെഷ്യൽ സ്കൂളിന് അദീബ് ആന്റ് ഷെഫീന ഫൗണ്ടേഷൻ നൽകിയ ബ്രഡ് നിർമാണ യൂനിറ്റിന്റെ ഉദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിക്കുന്നു.
ഹരിപ്പാട് ( ആലപ്പുഴ); ഹരിപ്പാട് സബർമതി സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്ക് സ്വയം തൊഴിൽ പരിശീലനം നൽകുന്നതിന്റെ ഭാഗമായി ബ്രഡ് നിർമാണ യൂനിറ്റ് നൽകി അദീബ് ആന്റ് ഷെഫീന ഫൗണ്ടേഷൻ. സ്പെഷ്യൽ സ്കൂളിൽ സ്ഥാപിച്ച ബ്രഡ് നിർമാണ യൂനിറ്റും, പുതിയതായി ആരംഭിച്ച ഫിസിയോതെറാപ്പി സെന്ററും രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ഏറെ കരുതൽ വേണ്ട സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി സഹായവുമായി എത്തിയ അദീബ് ആന്റ് ഷെഫീന ഫൗണ്ടേഷൻ സാരഥികളായ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിങ് എം.ഡി അദീബ് അഹമ്മദിന്റേയും, അദ്ദേഹത്തിന്റെ പത്നിയും ടേബിൾസ് ഫുഡ് കമ്പനി എംഡിയുമായ ഫെഷീന യൂസഫലിയുടേയും പ്രവർത്തനം മാതൃകാ പരമാണെന്നും ചെന്നിത്തല പറഞ്ഞു.
ഈ സ്കൂളിലെ 110 ഓളം വരുന്ന വിദ്യാർഥികൾക്ക് ബ്രഡ് നിർമാണത്തിന് വേണ്ട പരിശീലനം നൽകും. തുടർന്ന് ഇവർ തന്നെ നിർമിക്കുന്ന ബ്രഡുകൾ വിപണനം നടത്തി ലഭിക്കുന്ന ലാഭം കുട്ടികൾക്ക് തന്നെ നൽകുകയും ചെയ്യും. ചടങ്ങിൽ സബർമതി ചെയർമാൻ ജോൺ തോമസ് അധ്യക്ഷത വഹിച്ചു.
അദീബ് ആന്റ് ഷെഫീന ഫൗണ്ടേഷൻ പ്രതിനിധി ലുലു ഫോറെക്സ് ഡയറക്ടർ ഷിബു മുഹമ്മദ്, മുഖ്യാതിഥിയായി പങ്കെടുത്തു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അഡ്വ ഗായത്രി. സബർമതി ട്രസ്റ്റ് അംഗങ്ങളായ ഷംസുദ്ദീൻ കായൽപ്പുറം, സി. രാജലക്ഷ്മി, സി. പ്രസന്ന കുമാരി, ഗിരീഷ് സുകുമാരൻ, എസ്. രാജേന്ദ്രക്കുറുപ്പ്, വാർഡ് കൗൺസിലർ മിനി സാറാമ്മ ഫൗണ്ടേഷൻ പ്രതിനിധി പി.എ. സനീർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.