തൃശൂർ: തിമിർത്ത് പെയ്ത പേമാരിയുടെ പിൻബലത്തിൽ ആഗസ്റ്റിൽ കേരളത്തിന് ലഭിച്ചത് 35.3 ശതമാനത്തിെൻറ അധികമഴ. നേരത്തെ 14, 15, 16, 17 ദിവസങ്ങളിലെ പേമാരിയുടെ പശ്ചാത്തലത്തിൽ 42.3 ശതമാനം ഉണ്ടായിരുന്നത് മഴ കുറഞ്ഞതോടെ പിന്നാക്കം പോകുകയായിരുന്നു. എന്നിട്ടും, ദശകങ്ങൾക്കപ്പുറം കനത്തമഴയാണ് ലഭിച്ചത്. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31വരെ 2429 മില്ലിമീറ്റർ മഴ ലഭിച്ചു. 1795ന് പകരം 634 മി.മീ അധികം. ഇതിന് തുല്യമായ മഴ അപൂർവവുമാണ്. നിലവിൽ ഒറ്റപ്പെട്ട മഴയാണ് കേരളത്തിൽ ലഭിക്കുന്നത്.
82 ശതമാനവുമായി അധികമഴയിൽ ഇടുക്കിയാണ് മുന്നിൽ. ഏഴ് ശതമാനവുമായി കണ്ണൂരും ഒമ്പതുമായി തൃശൂരുമാണ് അധികമഴയിൽ പിന്നിൽ. എന്നാൽ 13 ശതമാനത്തിെൻറ കുറവുമായി കാസർകോട് മഴക്കുറവ ് തുടരുകയാണ്.
ആഗസ്റ്റ് എട്ട്, ഒമ്പത്, 10, 11, 12 ദിവസങ്ങളിൽ തുടങ്ങി 14, 15, 16, 17 ദിവസങ്ങളിൽ ശക്തിപ്രാപിച്ച അതിതീവ്രമഴയാണ് മൺസൂൺ രണ്ടാംഘട്ടത്തിലെ മഴക്കുറവ് സങ്കൽപ്പത്തെ തകിടംമറിച്ചത്. ഇതിൽ 16ന് പെയ്ത മഴ ഭീകരവുമാണ്. 139മി.മീ മഴയാണ് അന്ന് ലഭിച്ചത്. 1620ന് പകരം 2227 മി.മീ മഴ അന്ന് കിട്ടി. 15ന് 129 മി.മീ മഴയും ലഭിച്ചു. 1606ന് പകരം ലഭിച്ചത് 2088 ആണ്. 17ന് 80ഉം കിട്ടി. 1635ന് പകരം ലഭിച്ചത് 2307 ആണ്. ഇതോടെ, 41 ശതമാനം വർധനയിൽ എത്തി. തുടർന്ന്, രണ്ട് ദിവസങ്ങളിൽ മഴ പെയ്തുവെങ്കിലും കനത്തില്ല.
ഇതോടെയാണ് 42.3 ശമതമാനം വർധനയിലേക്ക് മഴ എത്തിയത്. പിന്നീട് മഴ കുറഞ്ഞതോടെയാണ് അധികമഴയുടെ ശതമാനത്തിൽ കുറവ് വന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സെപ്റ്റംബറിലെ കൂടി മഴ വരുന്നതോടെ 1924ന് സമാനം വാർഷിക വർഷം ലഭിക്കുന്നതിനുള്ള സാഹചര്യമാണുള്ളത്. ആഴ്ചയിൽ ലഭിക്കുന്ന മഴ ദിവസവും മാസത്തിൽ പെയ്യുന്ന മഴ ആഴ്ചയിലും ലഭിക്കുന്ന കാലാവസ്ഥ വ്യതിയാനത്തിെൻറ സ്വഭാവങ്ങൾ കൃത്യമായി പ്രകടമായ മാസം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.