ദിലീപിനെ കുറ്റവിമുക്തനാക്കാനുള്ള വിധി: വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമർശങ്ങളുമായി സർക്കാറിന് നിയമോപദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അസാധാരണമായ രീതിയിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമർശങ്ങളുമായി സർക്കാരിന്‌ നിയമോപദേശം ലഭിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസീക്യൂഷൻ സർക്കാറിന് നൽകിയ നിയമോപദേശത്തിലാണ് ജഡ്ജിക്കെതിരെ പരാമർശമുള്ളത്. ദിലീപിനെ കുറ്റവിമുക്തമാക്കാൻ തയ്യാറാക്കിയതാണ് ഈ വിധിയെന്നും നടനെതിരായ തെളിവുകൾ പരിഗണിച്ചില്ലെന്നുമാണ് പ്രോസിക്യൂഷന്‍റെ പ്രധാന വിമർശനം. കേസിൽ അപ്പീൽ നൽകാനായി തയ്യാറാക്കിയ നിയമോപദേശത്തിലണ് ജഡ്ജിക്കെതിരെ ഗുരുതര പരാമർശങ്ങളുളളത്.

കോടതിയിൽ നിന്നും മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയനിഴലിലാണ് വിചാരണ കോടതി ജഡ്ജി. അതിനാൽ, വിധി പറയാൻ ജഡ്ജി അർഹയല്ലെന്നും ഇതിൽ പറയുന്നു. ഗൗരവമേറിയ നിരവധി തെളിവുകളാണ് ദിലീപിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയത്. ഇതെല്ലാം പക്ഷപാതത്തോടെ കോടതി തള്ളിക്കളയുകായിരുന്നുവെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടർ വി. അജകുമാറിന്റെ വിശദമായ കുറിപ്പ് സഹിതമാണ് നിയമോപദേശം.

തെളിവുകള്‍ പരിശോധിക്കാന്‍ കോടതി സ്വീകരിച്ചത് രണ്ട് തരം സമീപനമാണ്. ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ക്ക് എതിരെ അംഗീകരിച്ച തെളിവുകള്‍ പോലും ദിലീപിനെതിരെ അംഗീകരിച്ചില്ല. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന് തെളിഞ്ഞ ദിലീപിന്റെ അഭിഭാഷകരെ തുടരാന്‍ അനുവദിച്ചു. അവരുടെ പ്രവൃത്തിയെ അനുമോദിക്കുന്ന തരത്തിലാണ് വിധിയിലെ പരാമര്‍ശങ്ങള്‍ എന്നും നിയമോപദേശത്തില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെവിട്ടിരുന്നു. ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ദിലീപിനെ വെറുതെ വിട്ടത്. അതേസമയം, ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായും കോടതി കണ്ടെത്തിയിരുന്നു. ഇവർക്ക് 20 വർഷം കഠിനതടവും വിധിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് കേസിൽ ശിക്ഷ വിധിച്ചത്.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കാനായി അപ്പീല്‍ നല്‍കാന്‍ അനുമതി തേടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. എട്ടാംപ്രതി നടന്‍ ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധിയാണ് ചോദ്യം ചെയ്യുക. 

Tags:    
News Summary - Actress Attack case: Legal advice to the government for raising serious remarks against the trial court judge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.