മൊബൈല്‍ ഫോണിനായി നെട്ടോട്ടം തുടരുന്നു

കൊച്ചി: നടിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യതെളിവായ മൊബൈല്‍ ഫോണ്‍ പൊലീസിന് ഇനിയും ലഭിച്ചില്ല. ഫോണിനായി പൊലീസ് നെട്ടോട്ടം തുടരുന്നു. ഇത് ലഭിച്ചാലെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകൂ. സംഭവത്തില്‍ ഗൂഢാലോചനയില്ളെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി പറയുന്നുണ്ടെങ്കിലും പൊലീസ് അത് മുഖവിലയ്ക്കെടുത്തിട്ടില്ല. സംഭവശേഷം ഫോണ്‍ വലിച്ചെറിഞ്ഞെന്ന നിലപാടില്‍ ഇയാള്‍ ഉറച്ചുനില്‍ക്കുകയാണ്. കളഞ്ഞതായ സ്ഥലം മാറ്റിപ്പറയുന്നുമുണ്ട്. ഇതനുസരിച്ച് തമ്മനം മുതല്‍ ഗോശ്രീ പാലംവരെ നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. പൊലീസും സ്വകാര്യ സ്ഥാപനങ്ങളുമൊക്കെ സ്ഥാപിച്ച നിരീക്ഷണകാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. 

ഭീഷണിപ്പെടുത്തി പണം തട്ടലാണ് ഉദ്ദേശ്യമെങ്കില്‍ മുഖ്യ ഉപകരണമായി മാറുന്ന മൊബൈല്‍ ഫോണ്‍ ഇയാള്‍ വലിച്ചെറിയില്ളെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. ഇയാള്‍ക്ക് ഉറച്ചവിശ്വാസമുള്ള ഏതോ കേന്ദ്രത്തില്‍ ഫോണ്‍ ഉണ്ടെന്ന നിഗമനത്തിലാണവര്‍. ഇത് കിട്ടുംവരെ തിരച്ചില്‍ തുടരുമെന്നും അയല്‍ സംസ്ഥാനത്തേക്കും വ്യാപിപ്പിക്കേണ്ടിവരുമെന്നും അന്വേഷണസംഘത്തിലെ ഉന്നതന്‍ വിശദീകരിച്ചു. ഫോണിനായുള്ള തിരച്ചിലിന്‍െറ ഭാഗമായി സുനിയുടെ സുഹൃത്ത് പ്രതീഷിന്‍െറ വീട്ടില്‍ പൊലീസ് ശനിയാഴ്ച റെയ്ഡ് നടത്തുകയും ഇയാളെ ചോദ്യംചെയ്യുകയും ചെയ്തു. കൊല്ലം സ്വദേശിയും വാഹനബ്രോക്കറുമായ പ്രതീഷ് പൊന്നുരുന്നി സൗത്ത് ജനത റോഡില്‍ ഇരുനില വീടിന്‍െറ മുകള്‍ നിലയില്‍ വാടകക്ക് താമസിക്കുകയാണ്. നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് സംവിധായകന്‍െറ വീടിനുമുന്നില്‍ ഇറക്കിവിട്ടശേഷം, പള്‍സര്‍ സുനി പാതിരാത്രി മതില്‍ ചാടി എത്തിയത് പ്രതീഷിനെ കാണാനാണെന്നും പൊലീസിന് വിവരം ലഭിച്ചു. കഴിഞ്ഞദിവസം പുറത്തുവന്ന നിരീക്ഷണകാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതീഷിനെ കണ്ടത്തെിയത്. 

പത്തുവര്‍ഷമായി സുനില്‍കുമാറിനെ അറിയാമെങ്കിലും കുറ്റവാളിയാണെന്ന് അറിയില്ളെന്നാണ് പ്രതീഷ് ആദ്യം മൊഴിനല്‍കിയത്. വീണ്ടും വിശദമായി ചോദ്യംചെയ്തപ്പോള്‍, സുനില്‍ കുമാര്‍ പാലായില്‍ ഒരുകേസില്‍ പ്രതിയാണെന്ന് അറിയാമായിരുന്നു എന്നായി. മൊഴിയിലെ വൈരുധ്യത്തത്തെുടര്‍ന്നാണ് രണ്ട് സി.ഐമാരുടെ നേതൃത്വത്തില്‍ ഇയാളുടെ താമസസ്ഥലത്ത് പരിശോധന നടത്തിയത്. പരിശോധനയില്‍ വീട്ടില്‍നിന്ന് മൂന്ന് സ്മാര്‍ട്ട് ഫോണുകള്‍, മെമ്മറി കാര്‍ഡ്, സിം കാര്‍ഡ്, ടാബ്, പെന്‍ഡ്രൈവ് തുടങ്ങിയവ ലഭിച്ചു. ഇവയുടെ ഉള്ളടക്കം വിശദമായി പരിശോധിച്ചശേഷമെ കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് സ്ഥിരീകരിക്കൂ. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും പരിശോധിച്ചു. വാഹനങ്ങള്‍ക്കടുത്തുനിന്ന് ഒരു സ്മാര്‍ട്ട് ഫോണിന്‍െറ കവറും കിട്ടി. സുനിയുമായി അടുത്തകാലത്തൊന്നും ബന്ധപ്പെട്ടിട്ടില്ളെന്നും ഇയാള്‍ പറഞ്ഞു. മാത്രമല്ല, സംഭവദിവസം സുനി മതില്‍ ചാടി എത്തിയെങ്കിലും താന്‍ ബോധംകെട്ട്  ഉറക്കമായിരുന്നതിനാല്‍ പരസ്പരം കാണാന്‍ പറ്റിയില്ളെന്നും ഇയാള്‍ പറയുന്നു. 

സുനിയുമായി ബന്ധമുള്ള ആലപ്പുഴ സ്വദേശിനിയെ ശനിയാഴ്ചയും ചോദ്യംചെയ്തു. ഇവര്‍ക്കും വര്‍ഷങ്ങളായി പരിചയമുണ്ടെന്നാണ് സൂചന. നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവം ഇവര്‍ക്ക് അറിയാമായിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. സുനിയുടെ കാമുകിയുമായി ഇവര്‍ നടത്തിയ സംഭാഷണം സംബന്ധിച്ചും പൊലീസ് വിശദമായി ആരാഞ്ഞു. 

Tags:    
News Summary - actress attack case, investigation on mobile phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.