ദിലീപ്

ഇരക്കൊപ്പവും ദീലീപിനൊപ്പവും

ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്ന് കോടതി വിധിക്കുമ്പോൾ, നടിക്കൊപ്പം നിലകൊണ്ട വനിത സിനിമ പ്രവർത്തകരടക്കം നിരാശയിലാണെങ്കിലും മലയാള സിനിമ ലോകത്ത് വലിയൊരു വിഭാഗത്തിന് ആശ്വാസം

കൊച്ചി: നടനായും നിർമാതാവായും വിതരണക്കാരനായും തിയറ്റർ ഉടമയായും നിറഞ്ഞുനിന്ന ദിലീപ്, നായകനിൽനിന്ന് വില്ലനിലേക്ക് വേഷംമാറിയപ്പോൾ ഏറ്റവുമധികം ഞെട്ടിയത് മലയാള സിനിമ ലോകമായിരുന്നു. സൂപ്പർതാരം ക്രിമിനൽ കേസിൽ അറസ്റ്റിലാകുന്നത് മലയാള സിനിമ ചരിത്രത്തിൽ ആദ്യമായിരുന്നു. താരസംഘടന ‘അമ്മ’ ഏറ്റവും കുടുതൽ പ്രതിരോധത്തിലാകുകയും നിലപാടുകൾ പരസ്യമായി ചോദ്യംചെയ്യപ്പെടുകയും ചെയ്തു. ചിലർ ദിലീപിന് സംരക്ഷണ കവചമൊരുക്കിയപ്പോൾ സീനിയർ താരങ്ങൾ പലപ്പോഴും മറുപടി പറയാൻ കഴിയാത്ത പ്രതിസന്ധിയിലായി.

2017 ജൂൺ 29ന് ‘അമ്മ’യുടെ ജനറൽബോഡി യോഗത്തിൽ ദിലീപിനെ മകനെപ്പോലെ സംരക്ഷിക്കുമെന്നാണ് ഇന്നത്തെ മന്ത്രികൂടിയായ കെ.ബി. ഗണേഷ്കുമാർ പ്രഖ്യാപിച്ചത്. ദിലീപിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് മുകേഷ് പൊട്ടിത്തെറിച്ചു. പൃഥ്വിരാജ് അടക്കമുള്ളവരുടെ ഉറച്ച നിലപാടിന് മുന്നിൽ ദിലീപിനെ പുറത്താക്കാൻ ‘അമ്മ’ നിർബന്ധിതമായി. അറസ്റ്റിന്‍റെ പിറ്റേ ദിവസം ദിലീപിനെ പുറത്താക്കിയെങ്കിലും ഒരുവർഷം തികഞ്ഞപ്പോൾ തിരിച്ചെടുക്കാനുള്ള തീരുമാനം മറ്റൊരു വിവാദത്തിന് തിരികൊളുത്തി. ഒടുവിൽ ദിലീപ് സംഘടനക്ക് പുറത്തുതന്നെയാണെന്ന് ‘അമ്മ’യുടെ അന്നത്തെ പ്രസിഡൻറ് മോഹൻലാലിന് പ്രഖ്യാപിക്കേണ്ടിവന്നു.

ജനറൽബോഡിയിൽ എല്ലാവരും ദിലീപിനുവേണ്ടിയാണ് ശബ്ദിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. അന്വേഷണത്തിൽ സിനിമ, രാഷ്ട്രീയ മേഖലകളിൽനിന്ന് ഉന്നതതല ഇടപെടൽ ഉണ്ടായതായി സൂചനയുണ്ടായിരുന്നു. ‘അമ്മ’ വാർഷിക ജനറൽബോഡിക്ക് മുന്നോടിയായി കൊച്ചിയിൽ എക്സിക്യൂട്ടിവ് യോഗം ചേർന്ന ദിവസമാണ് ദിലീപ്, സംവിധായകൻ നാദിർഷ, ദിലീപിന്‍റെ മാനേജർ അപ്പുണ്ണി എന്നിവരെ ചോദ്യംചെയ്യാൻ ആരംഭിച്ചത്. ചോദ്യംചെയ്യൽ നീണ്ടതിനാൽ ‘അമ്മ’യുടെ അന്നത്തെ ട്രഷറർകൂടിയായ ദിലീപിന് യോഗത്തിന് എത്താനായില്ല.

ചോദ്യംചെയ്യൽ 13ാം മണിക്കൂറിലേക്ക് കടന്നതോടെ താരങ്ങൾക്കിടയിൽ ചർച്ച മുറുകി. ദിലീപിനെയും നാദിർഷയെയും വിട്ടയക്കാത്തതിൽ ആശങ്ക പ്രകടിപ്പിച്ച ചിലർ, ചോദ്യംചെയ്യൽ അനിശ്ചിതമായി നീളുന്നത് ദിലീപ് കുറ്റവാളിയാണെന്ന സന്ദേശം നൽകുമെന്ന് മുതിർന്ന അംഗങ്ങളെ ധരിപ്പിച്ചു. അവരുടെ ഇടപെടലിൽ ‘അമ്മ’യിലെ അംഗങ്ങളിൽ ആർക്കെങ്കിലുമൊപ്പം വിട്ടയക്കാമെന്നാണ് പൊലീസ് വെച്ച നിർദേശം. തുടർന്ന്, നടൻ സിദ്ദീഖ് ചോദ്യംചെയ്യൽ നടക്കുന്ന ആലുവ പൊലീസ് ക്ലബിലെത്തി.

Tags:    
News Summary - With the victim and with Dileep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.