കൊച്ചി: സേവന നികുതിയുമായി ബന്ധപ്പെട്ട് ജി.എസ്.ടി വിഭാഗം നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ രണ്ടാഴ്ചക്കകം മറുപടി നൽകാൻ നടൻ സിദ്ദീഖിന് ഹൈകോടതിയുടെ നിർദേശം. 2017 മുതൽ 2020 വരെയുള്ള നികുതിയുമായി ബന്ധപ്പെട്ടാണ് ആഗസ്റ്റ് രണ്ടിന് നോട്ടീസ് നൽകിയത്. എന്നാൽ, നോട്ടീസ് നൽകാനുണ്ടായ കാലതാമസമടക്കം ചോദ്യം ചെയ്താണ് ഹരജി.
നികുതിയടച്ചതിൽ അപാകത ഉണ്ടെങ്കിൽ മൂന്നുവർഷത്തിനുള്ളിൽ നോട്ടീസ് നൽകണം. അതല്ലെങ്കിൽ നികുതി വെട്ടിക്കാൻ കരുതിക്കൂട്ടിയുള്ള ശ്രമം ഉണ്ടായി എന്നതുപോലുള്ള കാരണം ഉണ്ടാകണം. എന്നാൽ, അതൊന്നും വ്യക്തമാക്കാതെയാണ് നോട്ടീസ് എന്നായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാൽ, ഇക്കാര്യമടക്കം ബന്ധപ്പെട്ട അതോറിറ്റിക്ക് മുന്നിലാണ് ഉന്നയിക്കേണ്ടതെന്ന് ജി.എസ്.ടി വിഭാഗം വാദിച്ചു.
ഇത് കണക്കിലെടുത്താണ് നോട്ടീസിന് മറുപടി നൽകാൻ ആവശ്യപ്പെട്ട് ജസ്റ്റിസ് പി. ഗോപിനാഥ് ഹരജി തീർപ്പാക്കിയത്. കാലതാമസത്തിന്റെ കാര്യത്തിൽ ഉന്നയിച്ച പരാതിയിൽ ആദ്യം ഉത്തരവ് പുറപ്പെടുവിക്കാനും ഒക്ടോബർ നാലിന് ജി.എസ്.ടി വിഭാഗത്തിന് മുന്നിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.