കോഴിക്കോട്: വിഭാഗീയത രൂക്ഷമാക്കുന്ന തരത്തിൽ മുക്കം ഉമർ ഫൈസിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തവർക്കെതിരെ നടപടിയെടുക്കാനും മുശാവറയുടെ പവിത്രതക്ക് കളങ്കംവരാതെ സൂക്ഷിക്കാനും നേതൃത്വം മുൻകൈയെടുക്കണമെന്ന് സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കൾ ആവശ്യപ്പെട്ടു. ഭാരവാഹികളായ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്വി, എം.പി. മുസ്തഫൽ ഫൈസി (സമസ്ത) ഹാജി യു. മുഹമ്മദ് ശാഫി, അബ്ദുസ്സമദ് പൂക്കോട്ടൂർ (സുന്നി മഹല്ല് ഫെഡറേഷൻ), എം.സി. മായിൻ ഹാജി (സമസ്ത വിദ്യാഭ്യാസ ബോർഡ്), ഇ. മൊയ്തീൻ ഫൈസി പുത്തനഴി (മദ്റസ മാനേജ്മെന്റ് അസോസിയേഷൻ), നാസർ ഫൈസി കൂടത്തായി, മുഹമ്മദ് ഫൈസി ഓണമ്പള്ളി, സലീം എടക്കര (സുന്നി യുവജന സംഘം) എന്നിവരാണ് പ്രസ്താവനയിൽ ആവശ്യപ്പെട്ടത്.
സമസ്തയെയും നേതാക്കളെയും ഇകഴ്ത്താനും വിഘടിത പ്രവർത്തനങ്ങൾക്ക് ആക്കംകൂട്ടാനും നിരന്തരം ശ്രമിക്കുന്ന ഉമർ ഫൈസിയെ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സ്ഥാനങ്ങളിൽനിന്ന് നീക്കാൻ നേതൃത്വം തയാറാകണം. സമൂഹത്തിലെ ഉന്നതർ ഇടപെട്ട് ഐക്യശ്രമം തുടരുമ്പോൾ അതിന് വിലകൽപിക്കാതെയുള്ള ഗൂഢാലോചനകളും രഹസ്യയോഗങ്ങളും ആശങ്കജനകമാണ്. മുശാവറക്ക് മുമ്പ് ഏതാനുംപേർ ചേർന്ന് അജണ്ട രൂപപ്പെടുത്തുന്നതും സമ്മർദതന്ത്രം മെനയുന്നതും പിന്നീട് നടക്കുന്ന അവകാശവാദങ്ങളും പരമാധികാര സഭയുടെ സൽപ്പേരിന് കളങ്കം വരുത്തും.
നിലവിലെ അനുരഞ്ജന സമിതി ഇരുവിഭാഗങ്ങളെയും കേട്ട് അവർ നൽകിയ പരാതികൾ പരിശോധിച്ച് തീരുമാനങ്ങൾ കൈക്കൊള്ളാനും പ്രവർത്തകർക്കിടയിൽ ഐക്യം നിലനിർത്താനുമുള്ള ശ്രമത്തിനിടയിലാണ് ഇത്തരം കരിങ്കാലി പ്രവർത്തനങ്ങൾ ഉത്തരവാദപ്പെട്ടവരിൽനിന്ന് ഉണ്ടാവുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
സമസ്ത മുശാവറ യോഗത്തിന് മുന്നോടിയായി മുക്കം ഉമർ ഫൈസിയുടെ നേതൃത്വത്തിൽ രഹസ്യയോഗം ചേർന്നത് വിവാദമായ പശ്ചാത്തലത്തിലാണ് നേതാക്കളുടെ ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.