'യുക്രെയ്നിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ നടപടിയെടുക്കണം'; പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: യുക്രെയ്നിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്താനും അടിയന്തര സഹായങ്ങൾ നൽകാനും നടപടി കൈക്കൊള്ളാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായ എല്ലാ സഹായങ്ങൾക്കും പ്രധാനമന്ത്രിയോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തിയിരുന്നു. യുക്രെയ്നിൽ കുടുങ്ങിയ മലയാളികളിൽനിന്ന് നിരവധി ദുരിത സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുക്രെയ്നിന്റെ കിഴക്കു പ്രദേശങ്ങളായ കിയെവ്, ഖാർകിവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളിൽ അഭയം പ്രാപിച്ചവർക്ക് വെള്ളവും ഭക്ഷണവും അടിയന്തിരമായി എത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രക്ഷാദൗത്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അതുവരെ ഇവർക്കായുള്ള എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ നൽകുമെന്നും മന്ത്രി ഉറപ്പുനൽകി. കൊടും തണുപ്പിൽ നടന്ന് പോളണ്ടിൽ എത്തിയ വിദ്യാർഥികളെ അതിർത്തി കടക്കാൻ യുക്രെയ്നിലെ ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്നും ഇവർക്കെതിരെ പട്ടാളത്തെ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള പരാതിയും മുഖ്യമന്ത്രി പങ്കുവെച്ചു.

ഇത് പരിഹരിക്കാൻ യുക്രെയ്ൻ ഭാഷ കൈകാര്യം ചെയ്യാൻ കഴിവുള്ള ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന് അതിർത്തിയിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. അതിർത്തിയിൽ നിലവിലെ ഉദ്യോഗസ്ഥർക്ക് അതിനു സാധിക്കുമെന്ന് വിദേശകാര്യ മന്ത്രി ഉറപ്പ് നൽകി.

റഷ്യ വഴിയുള്ള രക്ഷാദൗത്യം സാധ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനായുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് മന്ത്രി അറിയിച്ചു. ഇതുവരെയുള്ള രക്ഷാപ്രവർത്തനങ്ങൾ വിജയകരമായി നിർവഹിച്ച വിദേശകാര്യ മന്ത്രാലയത്തോടുള്ള നന്ദി മുഖ്യമന്ത്രി അറിയിച്ചു.

News Summary - ‘Action must be taken to rescue those trapped in Ukraine’; Pinarayi Vijayan sent a letter to the Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.