കാക്കിക്കുള്ളി​ലെ ക്രിമിനലുകളെ തേടി നടപടി തുടങ്ങി; ആദ്യപട്ടികയിൽ 85 പേർ

തിരുവനന്തപുരം: ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസ്​ ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ നടപടി തുടങ്ങി. പ്രാഥമിക ഘട്ടത്തിൽ തയാറാക്കിയ 85 പേരുടെ പട്ടികയിൽ സൂക്ഷ്​മ പരിശോധന നടത്താൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ലതലങ്ങളിലും തയാറാക്കാനുള്ള നിർദേശം ഡി.ജി.പി അനിൽകാന്ത്​ ജില്ല പൊലീസ്​ മേധാവികൾക്ക്​ നൽകി.

​സർവിസിൽ കയറിയശേഷം ക്രിമിനൽ കേസിൽ പ്രതികളായ പൊലീസ്​ ഉദ്യോഗസ്ഥരുടെ സർവിസ്​ ചരിത്രം വിശദമായി പരിശോധിക്കാനാണ്​ നീക്കം​. സി.ഐ മുതൽ എസ്​.പിമാർ വരെയുള്ളവരുടെ സർവിസ് കാലം പൊലീസ് ആസ്ഥാനത്തും ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ സര്‍വിസ് ജില്ല പൊലീസ് മേധാവികളുമാകും പരിശോധിക്കുക. ബലാത്സം​ഗം, മോഷണം, ലഹരിക്കേസ്, ക്വട്ടേഷൻ സംഘ ബന്ധം, സ്വർണക്കടത്ത്​, സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയിൽ ശിക്ഷ അനുഭവിച്ചവരും അന്വേഷണം നേരിടുന്നതുമായി പൊലീസുകാരെ സർവിസിൽനിന്ന്​ നീക്കാൻ ഡി.ജി.പി സർക്കാറിനോട്​ ശിപാർശ ചെയ്യും.

ഇപ്പോൾ സസ്​പെൻഷനിൽ കഴിയുന്ന ബേപ്പൂർ കോസ്റ്റൽ പൊലീസ് മുൻ ഇൻസ്പെക്ടർ പി.ആർ. സുനു ബലാത്സം​ഗ കേസിൽ പ്രതിയായതോടെയാണ് കാക്കിയിലെ ക്രിമിനലുകളെക്കുറിച്ച് വീണ്ടും വിവാദങ്ങള്‍ ഉയർന്നത്. മുമ്പ്​ കൊലക്കേസിൽ ഉൾപ്പെട്ട ഡിവൈ.എസ്​.പി ഇ​പ്പോഴും ജയിൽ ശിക്ഷ അനുഭവിക്കുന്നുമുണ്ട്​. ക്രിമിനൽ കേസിൽ പ്രതിയായാലും കോടതി ഉത്തരവുകളുടെ ബലത്തിൽ ജോലിയിൽ തിരിച്ച് കയറുന്നവര്‍ മുതൽ വകുപ്പുതല നടപടികൾ മാത്രം നേരിട്ട് ഉദ്യോഗക്കയറ്റം നേടുന്നവര്‍ ഉൾപ്പെടെ ഇപ്പോഴും പൊലീസിൽ സജീവമാണ്​.

ഇടുക്കിയിൽ മാങ്ങ മോഷ്ടിച്ച പൊലീസുകാരനെയും എറണാകുളം റൂറലിൽ സ്വർണം മോഷ്ടിച്ച പൊലീസുകാരനെയും പിരിച്ചുവിടാൻ ജില്ല പൊലീസ് മേധാവികൾ നടപടി ആരംഭിച്ചിട്ടുണ്ട്​.


Tags:    
News Summary - Action has been started to find the criminals inside Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.