അഞ്ചൽ: നിരവധി അബ്കാരി കേസുകളും അടിപിടി, കവർച്ചാ കേസുകളിലെയും പ്രതിയായി പതിനാറ് വർഷം മുങ്ങിനടന്ന ആളിനെ അഞ്ചൽ പൊലീസ് മലപ്പുറത്തു നിന്നും അറസ്റ്റ് ചെയ്തു. അഗസ്ത്യക്കോട് കൊച്ചുകുരുവിക്കോണം സൂര്യ വിലാസത്തിൽ സുരേഷ് (42) ആണ് പിടിയിലായത്. 2004ൽ വാറ്റുചാരായം കൈവശം വച്ച് വിൽപ്പന നടത്തിയതിന് ആർച്ചൽ നിന്നും അഞ്ചൽ പൊലീസ് പിടികൂടിയ കേസിലെ പ്രതിയായ സുരേഷ് കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നതിനാൽ പിടികിട്ടാപ്പുള്ളിയായി കൊട്ടാരക്കര അബ്കാരി കോടതി പ്രഖ്യാപിച്ചിരുന്നു.
2006 ജൂൺ 5-ാം തീയതി രാത്രി 11 മണിയോടെ അഞ്ചൽ ഓട്ടോ സ്റ്റാൻഡിൽ നിന്നും ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോയ പുനലൂർ പേപ്പർമിൽ സ്വദേശിയായ സനുവിനെ, ഓട്ടോ കൈകാട്ടി നിറുത്തി ഓട്ടം വിളിച്ചു കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് കഴുത്തിൽ വടിവാൾ വച്ച് ഭീഷണിപ്പെടുത്തി ഓട്ടോ തട്ടിയെടുക്കാൻ ശ്രമിച്ച മൂവർ സംഘത്തിലെ പ്രധാനിയായിരുന്നു അറസ്റ്റിലായ സുരേഷ്.
സുരേഷിനേയും കൂട്ടുപ്രതികളായ വടമൺ തുണ്ടുവിള വീട്ടിൽ ബിജു, വടമൺ ബിജു വിലാസത്തിൽ ബിജു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ റിമാൻറിൽ കഴിഞ്ഞ മൂവരും ജാമ്യത്തിലിറങ്ങുകയും സുരേഷ് കോടതിയിൽ ഹാജരാകാതെ മുങ്ങുകയുമായിരുന്നു. കഴിഞ്ഞ 16 വർഷമായി ഒളിവിൽ കഴിഞ്ഞു വന്ന സുരേഷിനെ മലപ്പുറം ജില്ലയിലെ മോങ്ങം വളമംഗലം എന്ന സ്ഥലത്ത് കാട്ടിന് സമീപം റബ്ബർ എസ്റ്റേറ്റിൽ നിന്നുമാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടു മാസത്തോളമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സുരേഷ് ഇവിടെയുണ്ടെന്ന് പൊലീസിന് സ്ഥിരീകരണം ലഭിച്ചത്. ഇതിൻറെ അടിസ്ഥാനത്തിൽ പുനലൂർ ഡി.വൈ.എസ്. പി ബി.വിനോദ് ൻ്റെ മേൽനോട്ടത്തിൽ അഞ്ചൽ എസ്.എച്ച്.ഒ കെ.ജി ഗോപകുമാർ ,എസ്.ഐ പ്രജീഷ് കുമാർ,സിനിയർ സിവിൽ പൊലീസ് ഓഫീസർ വിനോദ് കുമാർ, സിവിൽ പൊലീസ് ഓഫീസർ അരുൺ ജോസഫ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.