റോഡുകള്‍ കുരുതിക്കളമായിട്ടും സുരക്ഷക്കുള്ള കോടികള്‍ പാഴായി

കോഴിക്കോട്: സുരക്ഷക്കായി കോടികള്‍ പാഴാക്കുമ്പോഴും സംസ്ഥാനത്തെ റോഡുകള്‍ കുരുതിക്കളം. റോഡപകടങ്ങളില്‍ രാജ്യത്ത് അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനത്ത് കോടികളുടെ ഫണ്ട് പാഴാകുമ്പോഴാണിത്്. ഈ വര്‍ഷം മേയ് 31 വരെമാത്രം 1,921പേരാണ് വിവിധ വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇത് 4,196 ആയിരുന്നു. 2014ല്‍ 4,049 ഉം 2013ല്‍ 4,258 പേരും കൊല്ലപ്പെട്ടു. 2001 മുതല്‍ ഇതുവരെയുള്ള 16 വര്‍ഷത്തില്‍ ഏറ്റവും കൂടതല്‍ പേര്‍ കൊല്ലപ്പെട്ടത് 2012ലാണ്. 4,286 പേരാണ് ആ വര്‍ഷം മരണപ്പെട്ടത്. ഈ വര്‍ഷം അഞ്ചു മാസത്തിനിടെ രണ്ടായിരത്തോളം പേര്‍ മരണപ്പെട്ടതോടെ അപകടനിരക്ക് കഴിഞ്ഞ 16 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലായേക്കും.

വാഹനാപകട നിരക്കിലും 2016 ബഹുദൂരം മുന്നിലാണ്. ഈ വര്‍ഷം മേയ് 31വരെ മാത്രം 17,017 വാഹനാപകടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 16 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ അപകടമുണ്ടായത് 2005ലാണ്. 42,363 അപകടങ്ങളായിരുന്നു അന്ന്. കഴിഞ്ഞ വര്‍ഷം 39,014 അപകടവും 2014ല്‍ 36,282 അപകടവും ഉണ്ടായി. ഇതേ കാലയളവില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് പരിക്ക് പറ്റിയ വര്‍ഷം 2004 ആണ്. അര ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്ക് പരിക്ക് പറ്റിയ വര്‍ഷമായിരുന്നു അത്. 51,228 പേര്‍ക്കായിരുന്ന് പരിക്ക്. തൊട്ടടുത്ത വര്‍ഷം 51,124 പേര്‍ക്കും റോഡപകടങ്ങളില്‍ പരിക്കേറ്റു. ഈ വര്‍ഷം ഇതുവരെ 18,729 പേര്‍ക്കാണ് പരിക്ക് പറ്റിയത്.

ട്രാഫിക് നിയമം പാലിക്കുന്നതിലുള്ള വീഴ്ചയും നിയമം കര്‍ശനമായി നടപ്പാക്കുന്നതിലുള്ള അധികൃതരുടെ അലംഭാവവുമാണ് റോഡപകടം പെരുകാന്‍ കാരണമെന്നാണ് നാറ്റ്പാക് ഉള്‍പ്പെടെ നടത്തിയ വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. റോഡ് സുരക്ഷക്കായി വര്‍ഷംതോറും കോടികള്‍ അനുവദിക്കുന്ന റോഡ് സുരക്ഷാ അതോറിറ്റി, സംസ്ഥാനത്ത് പ്രവര്‍ത്തിക്കുമ്പോഴാണിത്. റോഡപകടങ്ങള്‍ കുറക്കാന്‍ സഹായകരമാകുമായിരുന്ന കോടികളുടെ ഫണ്ട് ചെലവഴിക്കാതെ പാഴാക്കിയ ചരിത്രവുമുണ്ട് റോഡ് സുരക്ഷാ അതോറിറ്റിക്ക്.

കോട്ടയം ജില്ലയില്‍ റോഡ് സുരക്ഷ വാരാഘോഷങ്ങള്‍ക്കായി 2010-11ല്‍ 3,15,000 രൂപ അനുവദിച്ചു. മുന്‍ നീക്കിയിരിപ്പും പലിശയും ഉള്‍പ്പടെ 5,97,080 രൂപ ഫണ്ടില്‍ ഉണ്ടായിരുന്നിട്ടും റോഡപകടങ്ങള്‍ തടയുന്നതിനായി ചെലവഴിച്ചത് വെറും 62,098 രൂപ മാത്രം. 2011-12ല്‍ വീണ്ടും 10 ലക്ഷം രൂപ അനുവദിച്ചു. മുന്‍ നീക്കിയിരിപ്പും പലിശയും ഉള്‍പ്പടെ ഫണ്ടില്‍ 15,65,554 രൂപയായി. എന്നാല്‍, ആ വര്‍ഷവും റോഡ് സുരക്ഷക്കായി ചെലവഴിക്കപ്പെട്ടത് 98,0669 രൂപ മാത്രം. 2012-13ലും തുക അനുവദിക്കുകയും 8,33,844 രൂപ ഫണ്ടില്‍ മിച്ചം വരുത്തുകയും ചെയ്തു. 2014-15ല്‍ മിച്ചം വന്ന തുക 9,02,579 ആയി ഉയരുകയും ചെയ്തു. മലപ്പുറം ജില്ലയിലും കാലാകാലങ്ങളില്‍ തുക മിച്ചം വന്നു. 2015ല്‍ റോഡ് സുരക്ഷ അതോറിറ്റിയുടെ ഫണ്ടില്‍ 8,38,550 രൂപയാണ് മിച്ചം വന്നത്. കണ്ണൂരില്‍ ചെലവഴിക്കാതിരുന്നത് 13,01,808 രൂപയാണ്.

പത്തനംതിട്ട ജില്ലയില്‍ 2014-15ല്‍ 23,47,720 രൂപയാണ്. ശബരിമല തീര്‍ഥാടനകാലത്ത് അപകടങ്ങള്‍ കുറക്കാന്‍ ഉപയോഗപ്രദമാകുമായിരുന്ന പണമാണ് വെറുതെ പാഴാക്കിയത്. തിരുവനന്തപുരം ജില്ലയില്‍ റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ടില്‍ 83 ലക്ഷത്തില്‍ അധികം തുകയാണ് വെറുതെ കിടക്കുന്നതെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു. അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സൈന്‍ ബോര്‍ഡും സീബ്ര ക്രോസിങും സ്പീഡ് ബ്രേക്കറും സ്ഥാപിക്കാനുള്ള തുകയാണ് അധികാരികളുടെ അശ്രദ്ധമൂലം ഓരോ വര്‍ഷവും നഷ്ടമാകുന്നത്.
ജില്ലാ കലക്ടര്‍ അധ്യക്ഷനായും ആര്‍.ടി.ഒ സെക്രട്ടറിയുമായ ജില്ലാ റോഡ് സുരക്ഷാ സമിതിയാണ് ഓരോ ജില്ലയിലും സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത്.

Tags:    
News Summary - accidents in kerala roads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.