രാമനാട്ടുകര: അമിതവേഗത്തിൽ സഞ്ചരിച്ച ടോറസ് ലോറി കാറിലിടിച്ച് കുടുംബത്തിലെ നാലുപേരും ബന്ധുവും മരിച്ചു. ഒരു കുട്ടിക്ക് പരിക്കേറ്റു. മലപ്പുറം താനാളൂർ മീനടത്തൂർ വരിക്കോട്ടിൽ യാഹുട്ടി (62), ഭാര്യ നഫീസ (55), മകൾ സഹീറ (30), സഹീറയുടെ മകൻ മുഹമ്മദ് ഷെഫിൻ (നാല്), കാർ ഓടിച്ച കുടുംബസുഹൃത്ത് മഠത്തിൽ പറമ്പിൽ സൈനുദ്ദീൻ (49) എന്നിവരാണ് മരിച്ചത്. സഹീറയുടെ മകൾ ഷഫ ഫാത്തിമ (എട്ട്) പരിക്കുകളോടെ മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്.
രാമനാട്ടുകര ബൈപാസിൽ സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്കൂളിനു സമീപം തിങ്കളാഴ്ച രാവിലെ 11ഓടെയാണ് അപകടം. കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയിലേക്ക് വരുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിൽ രാമനാട്ടുകരയിലേക്ക് വന്ന ലോറി ഇടിക്കുകയായിരുന്നു. മരിച്ചവരും പരിക്കേറ്റവരും കാർയാത്രക്കാരാണ്. ലോറി അമിതവേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരും മീഞ്ചന്തയിൽ നിന്നെത്തിയ ഫയർ യൂനിറ്റും വാഹനം വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കാർ ഓടിച്ച സൈനുദ്ദീൻ സംഭവസ്ഥലത്തും നഫീസ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. യാഹുട്ടിയും സഹീറയും മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈകീട്ട് മൂന്നരയോടെയാണ് മരിച്ചത്. അതിഗുരുതരാവസ്ഥയിലായിരുന്ന മുഹമ്മദ് ഷെഫിൻ രാത്രി 12 മണിയോടെയാണ് മരിച്ചത്.
യാഹുട്ടി^നഫീസ ദമ്പതികളുടെ മറ്റു മക്കൾ: സുമയ്യ, സജ്ന, മുനീർ. സഹീറയുടെ ഭർത്താവ് പൊൻമുണ്ടം പെരിങ്ങോട്ടിൽ യൂനുസ് വിദേശത്താണ്. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
മീനടത്തൂർ സെയ്ത് മുഹമ്മദ് ഹാജി^ബീക്കുട്ടി ദമ്പതികളുടെ മകനാണ് മരിച്ച സൈനുദ്ദീൻ. ഭാര്യ: സാജിത. മക്കൾ: ഷഹന, സമീനുൽ ഫവാസ്, ഷാഫാൻ. മരുമകൻ: ഷഫീഖ് (തെക്കുമുറി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.