ബാലരാമപുരം മുടുവൂര്‍പാറ ദേശീയപാതയിലെ വാഹനാപകടം

ബാലരാമപുരം ദേശീയപാതയിലെ അപകടത്തില്‍ പത്ത് ദിവസത്തിനിടെ പൊലിഞ്ഞത് നാല് ജീവനുകള്‍

ബാലരാമപുരം: കരമന കളിയിക്കാവിള ദേശീയപാതയിലെ ബാലരാമപുരത്ത് പത്ത് ദിവസത്തിനിടെ അപകടങ്ങളില്‍ പൊലിഞ്ഞത് നാല് ജീവനുകള്‍. ഒന്നര കിലോമീറ്ററിനുള്ളില്‍ മുടവൂര്‍പാറക്കും തൈക്കാപ്പള്ളിക്കുമിടയില്‍ നടന്ന വിവിധ അപകടങ്ങളിലാണ് നാല് ബൈക്ക് യാത്രക്കാര്‍ മരിച്ചത്. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി റോഡ് വീതി കൂട്ടിയെങ്കിലും സിഗ്നല്‍ ലൈറ്റുകളും അപകട മേഖലയാണെന്ന് അറിയിക്കുന്ന സൈന്‍ബോര്‍ഡുകളും സ്ഥാപിക്കാത്തതാണ് അപകട കാരണം. ഡിസംബര്‍ മൂന്നാം തീയതി നടന്ന അപകടത്തില്‍ തൈക്കാപ്പള്ളിക്ക് മുന്നില്‍വച്ച് ബൈക്കില്‍ ലോറിയിടിച്ച് സഹോദരങ്ങളായ ഷര്‍മാനും ഷഫീറും മരിച്ചത്. നാലാം തീയതി ബാലരാമപുരം മുടവൂര്‍പാറയില്‍ ബൈക്കിന് പിന്നില്‍ കാറിടിച്ച് രാജേഷ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചക്ക് ബൈക്കിന് പിന്നില്‍ കാറിടിച്ച് ജയരാജ് മരിച്ചതാണ് അവസാന സംഭവം. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന അപകടങ്ങളില്‍ യുവാക്കളുടെ ജീവന്‍ പൊലിയുന്നത് പ്രദേശവാസികളിലും ആശങ്കയുയര്‍ത്തുന്നു. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി മുടവൂര്‍പാറക്ക് സമീപത്തായിട്ടാണ് റോഡിന് ഇരുവശത്തുമായി ബൈക്കിന് പിന്നില്‍ കാറിടിച്ച് രണ്ട് അപകടം നടന്നത്. ദേശീയപാതയിലൂടെ അമിത വേഗത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്നത് അപകടം വർധിക്കുന്നത്.

സിഗ്നല്‍ ലൈറ്റും യുടേണ്‍ സംവിധാനവുമൊരുക്കണമെന്ന ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും ഫലം കണാതെ പോകുന്നത്. ദേശീയപാതയില്‍ നടക്കുന്ന അപകടങ്ങള്‍ക്ക് ഉത്തരവാധി അധികൃതരുടെ അലക്ഷ്യമായ നടപടിയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഏറെ ശ്രദ്ധയോടെ പോകുന്ന ബൈക്ക് യാത്രക്കാര്‍ക്ക് പിന്നില്‍ അമിതവേഗത്തിലെത്തിയ കാര്‍ വന്നിടിച്ചാണ് രണ്ട് അപകടത്തിലാണ് ബൈക്ക് യാത്രക്കാരുടെ ജീവന്‍ കവര്‍ന്നത്.

ഒരുമാസം മുമ്പ് ബാലരാമപുരം കൊടിനടയില്‍ ഓട്ടോറിക്ഷയില്‍ പിക്അപ് അപ് വാനിടിച്ച് അന്യസംസ്ഥാന തൊഴിലാളി സഞ്ജിത് ബര്‍മാന്‍ മരിച്ചത്. അതിന് ശേഷം ആറാലൂംമൂട് ദേശീയ പാതയില്‍ ബൈക്കില്‍ ട്രക്കിടിച്ച് വിജയകുമാരി മരിച്ചത്. അപകടം പതിയിരിക്കുന്ന ദേശീയപാതയിലൂടെയുള്ള യാത്ര ഭീതിവിതക്കുന്ന തരത്തിലാണ്.

വാഹനങ്ങളുടെ അമിത വേഗതയാണ് അപകടത്തിന്‍റെ പ്രധാന കാരണമെങ്കിലും നടപടി സ്വീകരിക്കാതെ അധികൃതര്‍ മൗനം പാലിക്കുന്നു. സ്പീഡ് ഗവര്‍ണറുടെ പരിശോധന നെയ്യാറ്റിന്‍കര ദേശീയപാതയില്‍ കര്‍ശനമല്ലാത്തതാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നിനിടയാക്കുന്നത്. കാമറകള്‍ സ്ഥാപിച്ച് അമിത വേഗം നിയന്ത്രിച്ചില്ലെങ്കില്‍ വലിയ ദുരന്തത്തിന് സാധ്യതയുണ്ട്.

രണ്ട് സ്‌കൂളുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സ്‌കൂള്‍ തുറക്കുന്നതോടെ റോഡ് മുറിച്ച് കടക്കുന്നത് ഏറെ ഭീതിക്കിടയാക്കുമെന്നും രക്ഷകര്‍ത്താക്കളും പറയുന്നു. അടുത്തിടെ ബാലരാമപുരം ജംങ്ഷനില്‍ ദേശീയപാതയുടെ കുഴികളടക്കുന്നതിന് ബാലരാമപുരം സി.ഐ. ജി.ബിനുവും എസ്.ഐ. വിനോദ് കുമാറും നേരിട്ടിടപെട്ട് നടത്തിയ ശ്രമഫലമായി ജംങ്ഷനിലെ കുഴികളടച്ചത്. എല്ലാ ഭാഗത്തും റോഡിന്‍റെ കുഴികളടക്കാത്തതും അപകടത്തിനിടയാക്കുന്നു.

രാത്രി കാലങ്ങളില്‍ വേണ്ടത്ര വെളിച്ചവുമില്ല. ദേശീയപതയില്‍ കൊടിനട റോഡ് മുറിച്ച് കടക്കുന്ന ഭാഗത്ത് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യവും ഇതേവരെ മുഖവിലക്കെടുക്കാത്തത് പലപ്പോഴും ചെറിയ അപകടങ്ങള്‍ക്കിടയാക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.