മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്​ത്​ ഭാര്യയെ അധിക്ഷേപിക്കുന്നത്​ ക്രൂരത -ഹൈകോടതി

കൊച്ചി: മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്​ത്​ ഭാര്യയെ നിരന്തരം അധിക്ഷേപിക്കുന്നത്​ മാനസികമായ ക്രൂരതയാണെന്നും വിവാഹമോചനത്തിന്​ മതിയായ കാരണ​മാണെന്നും ഹൈകോടതി. പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്നതടക്കമുള്ള ആക്ഷേപങ്ങൾ മാനസിക പീഡനമാണ്​. ശാരീരിക ആക്രമണം മാത്രമല്ല വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും ക്രൂരതയുടെ പരിധിയിൽ വരും.

ഇത്തരം സാഹചര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ നിയമത്തിനാകില്ലെന്നും സുപ്രീംകോടതി ഉത്തരവുകളടക്കം ഉദ്ധരിച്ച്​ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ വ്യക്​തമാക്കി. ഭാര്യയുടെ ഹരജിയിൽ വിവാഹമോചനം അനുവദിച്ച കീഴ്​കോടതി ഉത്തരവിനെതിരെ ഭർത്താവ്​ സമർപ്പിച്ച അപ്പീൽ ഹരജി തള്ളിയാണ്​ ഈ നിരീക്ഷണം.

വിദ്യാസമ്പന്നരും​ സോഫ്​ട്​വെയർ എൻജിനീയർമാരുമായ ഇരുവരും 2009 ജനുവരി 17നാണ്​ വിവാഹിതരായത്​. അതേവർഷം നവംബർ രണ്ടിനുതന്നെ വിവാഹമോചനത്തിനായി യുവതി കോടതിയെ സമീപിച്ചു. ഭർത്താവ്​ എപ്പോഴും ഇകഴ്ത്തി പറയുന്നുവെന്നും മറ്റുള്ളവരുമായി താരതമ്യം ചെയ്ത്​ സൗന്ദര്യം കുറഞ്ഞവളെന്ന്​ ആക്ഷേപിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ഹരജിക്കാരിയുടെ പരാതി. തനിക്ക്​ വരുന്ന മൊബൈൽ സന്ദേശങ്ങളെയെല്ലാം സംശയത്തോടെയാണ് ഭർത്താവ്​ കാണുന്നത്​. നിരന്തരം അവിശ്വസിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നും ചൂണ്ടിക്കാട്ടി.

ഭർത്താവിന്‍റെ പ്രവർത്തനങ്ങൾ ക്രൂരതയുടെ പരിധിയിൽ വരുമെന്ന്​ വിലയിരുത്തിയ ഡിവിഷൻബെഞ്ച്​, വിവാഹമോചനം അനുവദിച്ച ഏറ്റുമാനൂർ കുടുംബ കോടതി ഉത്തരവ്​ ശരിവെക്കുകയായിരുന്നു. ഇവരുടെ വിവാഹം പേരിന് മാത്രം നടന്ന കാര്യമായിരുന്നുവെന്നും കോടതി വിലയിരുത്തി.

Tags:    
News Summary - Abusing wife by comparing her with other women is cruelty - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.