വിവാദങ്ങളിൽനിന്ന്​ അകലം പാലിച്ചു; സൗമ്യമുഖം ഇനി സേനയുടെ തലപ്പത്ത്

തിരുവനന്തപുരം: ഏറ്റെടുത്തതെന്തും മികവോടെ പൂർത്തീകരിച്ച സേനയിലെ സൗമ്യമുഖമാണ്​ പുതിയ സംസ്ഥാന മേധാവിയായി നിയമിതനായ ഡോ. ഷേയ്​ഖ്​ ദർവേഷ്​ സാഹിബ്​. രാഷ്ട്രീയ നേതാക്കൾക്കെതിരെ കേസ്​ വരുകയും ഭരണ-പ്രതിപക്ഷ ആരോപണ പ്രത്യാരോപണങ്ങൾ പരാതികളായി​ പൊലീസിലെത്തുകയും ചെയ്യുന്ന സങ്കീർണകാലത്താണ്​ അദ്ദേഹം ചുമതലയേൽക്കുന്നത്​. കൃഷി ശാസ്ത്രത്തിൽ പിഎച്ച്​.ഡിക്കാരനായ ദർവേഷ്​ സാഹിബ്​ നിയമവും ചട്ടവും നോക്കി തീരുമാനമെടുക്കുന്ന മികച്ച ഓഫിസറാണ്. 30ന്​ വൈകീട്ട്​ അദ്ദേഹം ചുമതലയേൽക്കും.

നിലവിൽ അഗ്നിരക്ഷാസേനയുടെ മേധാവിയാണ്​. ഡി.ജി.പി നിയമനത്തിന്​ യു.പി.എസ്​.സി​ ശിപാർശ ചെയ്ത മൂന്ന്​ ഉദ്യോഗസ്ഥരിൽ ദർവേഷ്​ സാഹിബിനെ നിയമിക്കാനാണ്​ മന്ത്രിസഭ തീരുമാനിച്ചത്​. ജയിൽ മേധാവി കെ. പത്​മകുമാർ, കേന്ദ്ര ഇന്‍റലിജൻസ്​ ബ്യൂറോ അഡീ. ഡയറക്ടർ ഹരിനാഥ്​ മിശ്ര എന്നിവരാണ്​ അന്തിമ പട്ടികയിലുണ്ടായിരുന്ന മറ്റ്​ രണ്ട്​ പേർ. മുഖ്യമന്ത്രിയുടെ താൽപര്യവും തീരുമാനത്തിൽ നിർണായകമായി. ദർവേഷ്​ സാഹിബിന്​ 2024 ജൂലൈ 31 വരെയാണ്​ സർവിസ്. എന്നാൽ പൊലീസ്​ മേധാവിയായി നിയമിക്കുന്നവർക്ക്​ ചുരുങ്ങിയത്​ രണ്ട്​ വർഷം വേണമെന്ന നിബന്ധന പ്രകാരം ഒരു വർഷം കൂടി അദ്ദേഹത്തിന് കാലാവധി ലഭിച്ചേക്കും.

മികച്ച പ്രവർത്തനമാണ്​ അന്ധ്ര സ്വദേശിയായ ദർവേഷ്​ സാഹിബിന്‍റെ ട്രാക്ക്​ റെക്കോഡ്​. രാഷ്ട്രീയ നേതാക്കളുമായി ബന്ധത്തിന്​ കൃത്യമായ അതിർവരമ്പിട്ടിരുന്ന അദ്ദേഹം വിവാദങ്ങളിൽ നിന്നെല്ലാം അകന്ന്​ നിൽക്കാൻ ശ്രദ്ധിച്ചിരുന്നു. പ്രവർത്തനമേഖലയിലെല്ലാം കീഴുദ്യോഗസ്ഥരുടെ പ്രിയങ്കരനുമായിരുന്നു. 1999ൽ എം. സത്താർകുഞ്ഞ്​​ ഒരു മാസം ഡി.ജി.പിയായതിന്​ ശേഷം മുസ്​ലിം വിഭാഗത്തിൽനിന്ന്​ ഈ പദവിയിലെത്തുന്ന വ്യക്തികൂടിയാണ്​ അദ്ദേഹം. 1990 ഐ.പി.എസ്​ ബാച്ചുകാരനായ അ​ദ്ദേഹം നെടുമങ്ങാട്​ എ.എസ്​.പിയായാണ്​ ഔദ്യോഗിക ജീവിതം​ ആരംഭിച്ചത്​. വയനാട്, കാസർകോട്​, കണ്ണൂര്‍, പാലക്കാട്, റെയില്‍വേസ്, സ്​റ്റേറ്റ് സ്​പെഷല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പിയായും എം.എസ്.പി, കെ.എ.പി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാൻഡന്‍റായും പ്രവര്‍ത്തിച്ചു. ഗവര്‍ണറുടെ എ.ഡി.സിയായും ഐക്യരാഷ്ട്ര സഭയുടെ മിഷന്‍റെ ഭാഗമായി കൊസോവയിലും സേവനമനുഷ്​ഠിച്ചിട്ടുണ്ട്. കൊച്ചി പൊലീസ് കമീഷണറുമായിരുന്നു. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ദേശീയ പൊലീസ് അക്കാഡമിയില്‍ അസിസ്റ്റന്‍റ് ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു.

പൊലീസ്​ ആസ്ഥാനത്തെ സ്​പെഷൽ ബ്രാഞ്ച്​, തിരുവനന്തപുരം റെയ്ഞ്ച്, തൃശൂര്‍ റെയ്ഞ്ച്, ആംഡ് പൊലീസ് ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ ഐ.ജി ആയിരുന്നു. അഡീഷനല്‍ എക്സൈസ് കമീഷണറായും കേരള പൊലീസ് അക്കാദമി ഡയറക്ടറായും ജയിൽ മേധാവിയായും പ്രവര്‍ത്തിച്ചു. പൊലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം വിഭാഗങ്ങളിലും എ.ഡി.ജി.പിയായിരുന്നു. അമേരിക്കയില്‍ നിന്നുള്‍പ്പെടെ പരിശീലനം നേടിയ ദർവേഷ്​ സാഹിബിന്​ വിശിഷ്ടസേവനത്തിന് 2016ല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡലും സ്തുത്യര്‍ഹസേവനത്തിന് 2007ല്‍ ഇന്ത്യന്‍ പൊലീസ് മെഡലും ലഭിച്ചു. അതി ഉത്കൃഷ്ടസേവ പഥക്, യുനൈറ്റഡ് നേഷന്‍സ് പീസ് കീപ്പിങ് മെഡല്‍ എന്നിവ നേടിയിട്ടുണ്ട്.

നന്നായി പ്രവർത്തിക്കാൻ ശ്രമിക്കും

തി​രു​വ​ന​ന്ത​പു​രം: വെ​ല്ലു​വി​ളി നി​റ​ഞ്ഞ ത​സ്തി​ക​യാ​ണി​തെ​ന്നും ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും നി​യു​ക്ത പൊ​ലീ​സ്​ മേ​ധാ​വി ഷെ​യ്ഖ്​ ദ​ർ​വേ​ശ്​ സാ​ഹി​ബ്. ഇ​തു​വ​രെ എ​ല്ലാം ന​ന്നാ​യി ചെ​യ്​​തെ​ന്നാ​ണ്​ വി​ശ്വാ​സം. ഇ​തും ന​ന്നാ​യി ചെ​യ്യാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. സേ​ന​യി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - About Dr. Sheikh Darvesh Sahib

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.