എം.എം. മണി

‘രക്തസാക്ഷികളെ കൊലപ്പെടുത്തിയവരെ നമ്മൾ വെറുതെ വിട്ടിട്ടില്ല’ -അഭിമന്യു കൊല്ലപ്പെട്ടതിൽ എം.എം. മണിയു​ടെ ഭീഷണി

മൂന്നാർ: രക്തസാക്ഷികളായവരെ കൊലപ്പെടുത്തിയവരെ നമ്മൾ വെറുതേ വിട്ടിട്ടില്ലെന്നും അടിക്കേണ്ടവരെ അടിച്ചിട്ടുണ്ടെന്നും കൈകാര്യം ചെയ്യേണ്ടവരെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും സി.പി.എം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി. വട്ടവടയിൽ രണ്ടുദിവസം മുമ്പ് അഭിമന്യു അനുസ്മരണ യോഗത്തിലായിരുന്നു മണിയുടെ വിവാദ പ്രസംഗം.

‘ഉന്നത വിദ്യാഭ്യാസത്തിനു പോയ അഭിമന്യുവിനെ നിഷ്ഠുരമായി കൊന്നു. നിർഭാഗ്യവശാൽ അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസിലായിപ്പോയി. അല്ലെങ്കിൽ അവരെ വെച്ചുപൊറുപ്പിക്കുന്ന പ്രശ്നമില്ലായിരുന്നു. അത് ഉറപ്പാ... എന്നാൽ, ഇത് നമ്മൾ വിടുന്നില്ല. ഇക്കാര്യം നമ്മുടെ അക്കൗണ്ടിലിരിക്കട്ടെ. കേസ് ഒക്കെ ഉണ്ടല്ലോ...’ -മണി പ്രസംഗത്തിൽ തുടർന്നു പറഞ്ഞു.

എസ്.എഫ്‌.ഐ ഇടുക്കി ജില്ല കമ്മിറ്റി അംഗവും എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാംവർഷ രസതന്ത്ര ബിരുദ വിദ്യാർഥിയുമായിരുന്ന, ഇടുക്കി വട്ടവട സ്വദേശി അഭിമന്യു 2018 ജൂലൈ രണ്ടിനാണ് കൊല്ലപ്പെട്ടത്. അഭിമന്യുവിന് ഒപ്പമുണ്ടായിരുന്ന അർജുനെ അക്രമി സംഘം കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ചുമരെഴുത്തുമായി ബന്ധപ്പെട്ട എസ്.എഫ്‌.ഐ-കാമ്പസ് ഫ്രണ്ട് തര്‍ക്കത്തെ തുടന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കോളജിലെ പ്രവേശനോത്സവത്തിന് തലേന്ന് കോളജ് കവാടത്തിൽ ​വെച്ചായിരുന്നു സംഭവം.

അഭിമന്യു കൊല്ലപ്പെട്ടതിന്റെ എട്ടാം വാർഷികത്തിൽ അഭിമന്യു കുത്തേറ്റു വീണ കിഴക്കേ ഗേറ്റിനുസമീപം എസ്.എഫ്.ഐ പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു. എസ്‌.എഫ്‌.ഐ സംഘടിപ്പിച്ച വർഗീയവിരുദ്ധ ചുവരെഴുത്തിനും അനുസ്‌മരണ പരിപാടികൾക്കും സംസ്ഥാന പ്രസിഡന്റ്‌ എം. ശിവപ്രസാദ്‌, സെക്രട്ടറി പി.എസ്‌. സഞ്ജീവ്‌, ജില്ല പ്രസിഡന്റ്‌ രതു കൃഷ്ണൻ, സെക്രട്ടറി ആശിഷ് എസ്. ആനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി. അഭിമന്യുവിന്റെ ജീവിതം ആസ്‌പദമാക്കിയുള്ള നാടകത്തിന്റെ അവതരണവും മഹാരാജാസ്‌ കോളജ്‌ ഓഡിറ്റോറിയത്തിൽ നടന്നു. 

അഭിമന്യു വധക്കേസിൽ 16 പ്രതികളും അറസ്റ്റിലായിട്ടുണ്ട്. കുറ്റപത്രം സമർപ്പിച്ച്‌ വിചാരണനടപടികൾ പുരോഗമിക്കുകയാണ്. ജൂലൈ ആറിന് പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കും. 

Tags:    
News Summary - Abhimanyu Murder: MM Mani's Threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.