ലക്ഷ്വദീപിലെ മദ്യ നിരോധനം പിൻവലിക്കുന്നതിൽ പ്രതിഷേധിച്ച് കവരത്തിയിൽ നടന്ന മാർച്ച്
കവരത്തി: ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026 പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കവരത്തി ദ്വീപിൽ വ്യാപക പ്രതിഷേധം. സർവകക്ഷികളും സംഘടനകളും ദ്വീപിലുടനീളം പൊതുജന പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ലക്ഷദ്വീപിൽ 46 വർഷമായി നിലവിലുണ്ടായിരുന്ന മദ്യനിരോധന നയം പിൻവലിച്ചതിനെതിരെയായിരുന്നു ദേശീയ പതാകയേന്തി കവരത്തി സ്കൂൾ സ്‌റ്റേഡിയം ഗ്രൗണ്ടിൽ പ്രതിഷേധം നടന്നത്.
ലക്ഷദ്വീപിൽ എത്തുന്ന സന്ദർശകരെ ഇളനീർ നൽകി സ്നേഹപൂർവം സ്വീകരിച്ചിരുന്ന ഭാരത സംസ്കാരത്തിനു പകരം മദ്യം നൽകി സ്വീകരിക്കേണ്ട സാഹചര്യം എന്തിനാണ് ഒരുക്കുന്നതെന്ന് പ്രതിഷേധ സമ്മേളനത്തിൽ സംസാരിച്ച ഖത്തീബ് മുഹമ്മദ് സഖാഫി ചൂണ്ടിക്കാട്ടി.
നയംമാറ്റം ദ്വീപ് നിവാസികൾക്കും സന്ദർശകർക്കും അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഷിഖ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഹംസക്കോയ സഖാഫി പ്രാർഥനക്ക് നേതൃത്വം നൽകി. കോൺഗ്രസ്, എൻ.സി.പി (എസ്.പി), സി.പി.എം എന്നീ പാർട്ടികളുടെ പ്രതിനിധികളും വിവിധ സന്നദ്ധ സംഘടനകളുടെ പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ റാലിയിൽ പങ്കെടുത്തു.
ലക്ഷദ്വീപിൽ 47 വർഷമായി നിലനിന്നിരുന്ന മദ്യനിരോധനം അവസാനിപ്പിച്ചുകൊണ്ട് പുതിയ എക്‌സൈസ് നിയമത്തിന് രാഷ്ട്രപതി കഴിഞ്ഞ മാസമാണ് അംഗീകാരം നൽകിയത്. മദ്യത്തിന്റെ ഉത്പാദനം, വിൽപന, ഉപഭോഗം എന്നിവ നിയന്ത്രിക്കാൻ എക്‌സൈസ് കമ്മീഷ്ണറെ നിയമിക്കുമെന്നായിരുന്നു നിയമം അംഗീകരിച്ചുകൊണ്ട് രാഷ്ട്രപതി വ്യക്തമാക്കിയിരുന്നത്.
ടൂറിസത്തിന്റെ പേരിൽ ദ്വീപിലെ മദ്യം നിരോധനം ഒഴുക്കുന്ന നിലപാടിനെതിരെ ദ്വീപ് നിവാസികൾ മുമ്പ് തന്നെ രംഗത്തുവന്നിരുന്നു. ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രഫുൽ ഖേഡാ പട്ടേൽ എത്തിയതോടെയാണ് ദ്വീപിലെ സമ്പൂർണ മദ്യ നിരോധനം ഒഴിവാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്.
വിദേശ സഞ്ചാരികൾ കൂടുതലായി ദ്വീപിൽ എത്തുന്നുണ്ട്. അവരെ ആകർഷിക്കാൻ മദ്യനിരോധനം ഒഴിവാക്കണമെന്നായിരുന്നു അഡ്മിനിസ്‌ട്രേറ്ററുടെ നിലപാട്.ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് 400 ശതമാനമാണ് എക്‌സൈസ് ഡ്യൂട്ടി, ബിയറിന് 200 ശതമാനമാണ് നികുതി. കള്ളിന് നികുതിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.