'അഭയ വിഷാദം കാരണം ആത്മഹത്യ ചെയ്തു'; അന്ന് ക്രൈം ബ്രാഞ്ച് എസ്.പി പറഞ്ഞത് ഇതാണ്

കോട്ടയം: 28 വർഷത്തിന് ശേഷം അഭയ വധക്കേസിൽ ശിക്ഷ വിധിച്ചപ്പോൾ ചർച്ചയാകുന്നത് അഭയയുടേത് കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും വരുത്തിത്തീർക്കാൻ അന്വേഷണ സംഘം കാണിച്ച വ്യഗ്രത കൂടിയാണ്. അന്നത്തെ ക്രൈം ബ്രാഞ്ച് എസ്.പി കെ.ടി. മൈക്കിൾ പറഞ്ഞത് അഭയ വിഷാദരോഗം കാരണം ആത്മഹത്യ ചെയ്തുവെന്നായിരുന്നു. വർഷങ്ങൾക്ക് ശേഷം വിധി വന്നപ്പോൾ, കേസിൽ തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന മുൻ എസ്.പി കെ.ടി. മൈക്കിളിനെതിരെ നടപടി വേണമെന്ന് കോടതി നിർദേശിച്ചിരിക്കുകയാണ്.

തന്‍റെ അഭിപ്രായത്തിൽ നൂറു ശതമാനവും ഇതൊരു കൊലപാതകമല്ല, 90 ശതമാനവും ഇതൊരു ആത്മഹത്യയാണ് എന്നാണ് അന്ന് കെ.ടി. മൈക്കിൾ പറഞ്ഞത്. ലോക്കൽ പൊലീസിന്‍റെ അന്വേഷണം മോശമായിരുന്നില്ല. പൊലീസ് നായയെയോ വിരലടയാള വിദഗ്ധനെയോ കൊണ്ടുവരാതെ തന്നെ ഒരു നിഗമനത്തിലെത്താനാകും. യാതൊരു ബലപ്രയോഗവും അവിടെ നടന്നിട്ടില്ല -അന്ന് കെ.ടി. മൈക്കിൾ പറഞ്ഞു.

''അഭയയുടെ വീട്ടുകാർക്ക് അസുഖമുണ്ടായിരുന്നു. വിഷാദരോഗമാണ് ആത്മഹത്യക്ക് കാരണം. അന്ന് രാത്രി അഭയ കോൺവെന്‍റിലെ അടുക്കളയിൽ വന്നപ്പോൾ പെട്ടെന്ന് വിഷാദം വന്നതാകാം. ഇരുട്ടും മറ്റും കണ്ട് ഇതാണ് ആത്മഹത്യക്ക് നല്ല സമയമെന്ന് അഭയക്ക് തോന്നിക്കാണും. മനസിൽ താലോലിച്ചുവന്ന ഒരു സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഏറ്റവും നല്ല അവസരം. മനസിന്‍റെ സമനില തെറ്റുന്നു. ഇരുട്ടിൽ തപ്പിത്തടഞ്ഞ് ചെരിപ്പൊക്കെ പോയി, ശിരോവസ്ത്രം ഉടക്കി, വെളിയിലിറങ്ങി കുറ്റിയിട്ടു, കിണറിന്‍റെ പാരപ്പറ്റിൽ കേറി ഇരുന്നു, ഊർന്ന് താഴോട്ട് വീഴുന്നു'' -അഭയയുടെ മരണത്തെ കുറിച്ച് കെ.ടി. മൈക്കിൾ അന്ന് പറഞ്ഞത് ഇങ്ങനെയാണ്.

എന്നാൽ, തുടരന്വേഷണത്തിലൂടെ കൊലപാതകം തെളിഞ്ഞപ്പോൾ മൈക്കിളിന്‍റെ വാദങ്ങൾ കൂടിയാണ് പൊളിഞ്ഞത്. തുടർന്ന് ഇയാൾക്കെതിരെ നടപടി വേണമെന്ന് സി.ബി.ഐ കോടതി നിർദേശിക്കുകയായിരുന്നു. ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് വിധിയെഴുതിയ കേസാണ് സി.ബി.ഐ അന്വേഷിച്ച് കൊലപാതകമാണെന്ന് തെളിയിച്ചത്. മുഖ്യപ്രതി ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും പ്രതി സിസ്റ്റർ സെഫിക്ക് ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്. 

Tags:    
News Summary - ‘Abhay commits suicide due to depression’; This is what the Crime Branch SP said then

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.