പറവൂരിൽ മൂന്നര വയസ്സുകാരിയുടെ ചെവി തെരുവുനായ്​ കടിച്ചെടുത്തു; ആക്രമണം പിതാവിനൊപ്പം ഇരിക്കുന്നതിനിടെ..

പറവൂർ: മൂന്നര വയസ്സുകാരിയുടെ വലത് ചെവി തെരുവുനായ് കടിച്ചെടുത്തു. ഞായറാഴ്ച വൈകിട്ട് നാലിന് പിതാവിന്‍റെ മുന്നിലായിരുന്നു സംഭവം. ചിറ്റാറ്റുകര നീണ്ടൂർ മേക്കാട്ട് വീട്ടിൽ മിറാഷ് - വിനുമോൾ ദമ്പതികളുടെ മകൾ നിഹാരയുടെ ചെവിയാണ് അറ്റുപോയത്.

നീണ്ടൂർ രാമൻകുളങ്ങര ക്ഷേത്രത്തിന് സമീപം കുട്ടികൾ കളിക്കുന്നത് കണ്ട് പിതാവിനോടൊപ്പം ഇരിക്കുന്നതിനിടെ പിന്നിലൂടെ വന്ന തെരുവുനായ്​ കുട്ടിയെ ആക്രമിക്കുകയായിരുന്നു. പിതാവ് നായെ ഓടിക്കാൻ ശ്രമിച്ചെങ്കിലും നായ കുട്ടിയുടെ ചെവിയിൽ കടിച്ചു. ചെവി അറ്റു താഴെ വീണു. ഉടനെ തന്നെ കുട്ടിയെ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായതിനാൽ എറണാകുളം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ചെവി ഒരു കവറിലാക്കിയാണ് ആശുപത്രിയിൽ എത്തിച്ചത്.

തെരുവുനായ് ആക്രമിച്ചതായതിനാൽ ശസ്ത്രക്രിയ ചെയ്യുന്നതിന് പ്രായോഗിക പ്രശ്‌നമുണ്ടെന്നാണ് അറിയുന്നത്. വീട്ടുകാർ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ പേവിഷ ബാധക്കുള്ള കുത്തിവെപ്പ് കഴിയാതെ ചെവി തുന്നിച്ചേർക്കാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്താൻ കഴിയുമോയെന്ന് അന്വേഷിക്കുന്നുണ്ട്. അംഗൻവാടി വിദ്യാർഥിനിയാണ് നിഹാര.

Tags:    
News Summary - A three-and-a-half-year-old girl's ear was bitten off by a stray dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.