തൃശൂര്‍: തിന്നാൻ പനംപട്ട വേണ്ടാത്ത ഒരിക്കലും മദം പൊട്ടാത്ത റോബോട്ടിക് ഗജവീരനെ നടയിരുത്താനൊരുങ്ങി തൃശൂര്‍ ഇരിങ്ങാലക്കുടയിലെ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രം. ഇരിഞ്ഞാടപ്പിള്ളി രാമന്‍ എന്ന് പേരിട്ടിരിക്കുന്ന ലക്ഷണമൊത്ത ആന റോബോട്ടിനെയാണ് ഇവിടെ നടയിരുത്തുക. ഭക്തർ സംഭാവനയായി നൽകുന്ന റോബോട്ടിക് ആനയ്ക്ക് പത്തര അടി ഉയരവും എണ്ണൂറ് കിലോ ഭാരവുമുണ്ട്. നാലുപേരെ പുറത്തേറ്റാന്‍ കഴിയും. അഞ്ച് ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്.
ഇരിങ്ങാലക്കുടയ്ക്കടുത്ത് കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഈ മാസം 26നാണ് ഇരിഞ്ഞാടപ്പിള്ളി രാമനെ നടയിരുത്തുന്നത്. ഇരുമ്പ് കൊണ്ടുളള ചട്ടക്കൂടിന് പുറത്ത് റബ്ബര്‍ ഉപയോഗിച്ചാണ് ആനയെ നിര്‍മിച്ചിരിക്കുന്നത്. ആനയുടെ തലയും കണ്ണുകളും വായയും ചെവിയും വാലും പ്രവര്‍ത്തിക്കുന്നത് വൈദ്യുതിയിലാണ്. ഇവ എപ്പോഴും ചലിപ്പിക്കുന്ന രീതിയിലാണ് ആനയെ നിര്‍മിച്ചിരിക്കുന്നത്. രണ്ട് മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.
ദുബായ് ഉത്സവത്തിന് റോബോട്ടിക് ഗജവീരന്മാരെ ഒരുക്കിയ ചാലക്കുടി പോട്ട പനമ്പിള്ളി കോളജ് റോഡിലെ ഫോര്‍ ഹി ആര്‍ട്ട്സിലെ ശില്‍പികളായ പ്രശാന്ത്, ജിനേഷ്, റോബിന്‍, സാന്റോ എന്നിവരാണ് ഈ ഗജവീരനെയും നിർമിച്ചിരിക്കുന്നത്. അഞ്ച് മോട്ടോറുകള്‍ ഉപയോഗിച്ചാണ് ചലനങ്ങൾ. തുമ്പിക്കൈ ഒഴികെ മറ്റുള്ളവയെല്ലാം മോട്ടോറിലാണ് പ്രവര്‍ത്തിക്കുന്നത്. തുമ്പിക്കൈ മാത്രം പാപ്പാന് നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. സ്വിച്ചിട്ടാല്‍ തുമ്പിക്കൈയില്‍നിന്ന് വെള്ളം ചീറ്റുമെന്നതും പ്രത്യേകതയാണ്.
ക്ഷേത്രങ്ങളില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു റോബോട്ടിക് ആനയെ നടയിരുത്തുന്നത്. നടയിരുത്തല്‍ ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും. കളഭാഭിഷേകത്തിനുശേഷം നടക്കുന്ന എഴുന്നള്ളിപ്പിന് ഇരിഞ്ഞാടപ്പിള്ളി രാമനായിരിക്കും തിടമ്പേറ്റുക. നാലുപേര്‍ക്ക് ഇരിക്കാവുന്ന ആനപ്പുറത്ത് ആലവട്ടവും വെഞ്ചാമരവും വീശാന്‍ ആളുകളുണ്ടാകും. പെരുവനം സതീശന്‍മാരാരുടെ നേതൃത്വത്തിലാണ് മേളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.