‘മലപ്പുറം എന്താണെന്ന് ലീഗുകാർ പഠിപ്പിക്കേണ്ട’; വർഗീയ പരാമർശത്തിൽ ഉറച്ച് സി.പി.എം നേതാവ് നന്ദകുമാർ
മലപ്പുറം: വർഗീയവാദികളുടെ കൂടാണ് മലപ്പുറം എന്ന വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി പൊന്നാനി മുൻ എം.എൽ.എയും മുതിർന്ന സി.പി.എം നേതാവുമായ പി. നന്ദകുമാർ. മലപ്പുറം ജില്ലയെ വർഗീയ ശക്തികളുടെയും മതമൗലികവാദികളുടെയും കൂടാരമാക്കാൻ അനുവദിക്കില്ലെന്നാണ് താൻ ഉദ്ദേശിച്ചതെന്നും, താൻ പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വ്യക്തമാക്കി.
‘ലീഗുകാർ ഞങ്ങളെ രാഷ്ട്രീയം പഠിപ്പിക്കേണ്ട. മലപ്പുറം എന്താണെന്ന് ഇവിടുത്തെ ലീഗുകാർ സി.പി.എമ്മിനെ പഠിപ്പിക്കേണ്ടതില്ല. എനിക്കെതിരെ പ്രകടനം നടത്തിയവർ ജനിക്കുന്നതിനും മുൻപ് മലപ്പുറത്ത് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയതാണ് ഞാൻ. പാർട്ടിക്കകത്ത് വന്നിട്ട് 61-ാമത്തെ വർഷത്തിലാണ് ഞാൻ നിൽക്കുന്നത്. 60 കൊല്ലക്കാലമായി ഇവിടെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളാണ്. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം മലപ്പുറം മതനിരപേക്ഷ ജില്ല തന്നെയാണ്. അതിലേക്ക് അപകടം വരുത്തിവെക്കാൻ പാടില്ല എന്നാണ് ഞാൻ ചൂണ്ടിക്കാട്ടിയത് -നന്ദകുമാർ പറഞ്ഞു.
മലപ്പുറം ജില്ലയെക്കുറിച്ച് സംസാരിക്കുമ്പോൾ അതിന്റെ ചരിത്രം കൂടി ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. ‘ജില്ല രൂപീകരണ കാലഘട്ടത്തിൽ ഇവിടുത്തെ കോൺഗ്രസ് പരസ്യമായി അതിനെ എതിർക്കുകയായിരുന്നു. നിയമസഭയ്ക്കകത്ത് കെ. കരുണാകരൻ നടത്തിയ പ്രസംഗവും ആര്യാടൻ മുഹമ്മദിന്റെ പഴയ പ്രസംഗങ്ങളും ഇതിന് തെളിവാണ്. അന്ന് മലപ്പുറം ജില്ല രൂപീകരണത്തിനെതിരെ കോൺഗ്രസ് രണ്ട് ജാഥകൾ വരെ നടത്തുകയുണ്ടായി. മലപ്പുറം എന്ന് കേൾക്കുമ്പോൾ അത് ചിലരുടെ മാത്രം തറവാട്ടുസ്വത്താണെന്ന് ആരും കരുതേണ്ടതില്ല. സി.പി.എമ്മിനെ മതനിരപേക്ഷ രാഷ്ട്രീയം ആരും പഠിപ്പിക്കേണ്ടതില്ല. മതസൗഹാർദം ഉയർത്തിപ്പിടിക്കാൻ വലിയ പ്രയാസങ്ങൾ അനുഭവിച്ച പ്രസ്ഥാനമാണ് സി.പി.എം.
സംസ്ഥാന സെക്രട്ടറിയോ മുഖ്യമന്ത്രി പിണറായി വിജയനോ താൻ പറഞ്ഞതിനെ തള്ളിയിട്ടില്ല. താൻ പറഞ്ഞതും സംസ്ഥാന സെക്രട്ടറി പറഞ്ഞതും മുഖ്യമന്ത്രി പൊതുയോഗത്തിൽ പറയാൻ പോകുന്നതുമെല്ലാം ഒന്നുതന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലയ്ക്കെതിരായി ഇതുവരെ സംസാരിച്ചിട്ടില്ല. താനും അങ്ങനെയൊന്നും പറഞ്ഞിട്ടില്ല.
തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് ശേഷം ലീഗും യു.ഡി.എഫും വലിയ പ്രതിസന്ധിയിലാണ്. അവർക്ക് വീണുകിട്ടിയ ഒരു രാഷ്ട്രീയ ആയുധമായി ഇതിനെ കൊണ്ടുനടക്കുകയാണ്. മലപ്പുറം ജില്ലയെ വർഗീയവാദികളുടെ കൂടാരമാക്കാൻ അനുവദിക്കില്ലെന്ന ആശയത്തിൽ തന്നെയാണ് താൻ ഉറച്ചുനിൽക്കുന്നത്. മാധ്യമങ്ങൾക്ക് അത് ഏതുരീതിയിൽ വേണമെങ്കിലും റിപ്പോർട്ട് ചെയ്യാം’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.