നാദാപുരം: നാദാപുരത്ത് ചെരുപ്പ് കട കത്തിനശിച്ചു. കക്കംവെള്ളിയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ജാക്ക് കോസ്റ്റർ ബ്രാൻഡഡ് ചെരുപ്പ് വിൽപന കേന്ദ്രമാണ് കത്തി നശിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് മൂന്നു മണിയോടെയായിരുന്നു അപകടം. ഇരുപത്തഞ്ച് ലക്ഷം രൂപയിലധികം നഷ്ടം കണക്കാക്കുന്നു.
കടയുടെ ബോർഡിൽ നിന്നും പടർന്ന തീ മുകൾ നിലയിൽ സൂക്ഷിച്ച മുഴുവൻ ചെരുപ്പുകളും ചാമ്പലാക്കുകയായിരുന്നു. ചേലക്കാട് നിന്നും എത്തിയ രണ്ടു യൂനിറ്റ് ഫയർഫോഴ്‌സ് സംഘം ഏറെ നേരം പണിപ്പെട്ടാണ് തീയണച്ചത്. കുമ്മങ്കോട് സ്വദേശി ഒതിയോത്ത് അജ്മൽ അടങ്ങുന്ന ബിസിനസ് ഗ്രൂപ്പിന്റേതാണ് സ്ഥാപനം. 25 ലക്ഷം രൂപയുടെ പുത്തൻ സ്റ്റോക്ക് കഴിഞ്ഞ ദിവസമാണ് കടയിൽ എത്തിയതെന്ന് ഉടമകൾ പറഞ്ഞു.
മുകൾ ഭാഗത്തെ ഗോഡൗണിലാണ് ഇവ സൂക്ഷിച്ചിരുന്നത്. കടയുടെ ബോർഡിന് അടിയിൽ നിന്നാണ് ആദ്യം തീപടരുന്നത് കണ്ടതെന്ന് സമീപത്തെ കച്ചവടക്കാർ പറഞ്ഞു. നിമിഷങ്ങൾക്കകം തീ ഗോഡൗണിലേക്ക് പടരുകയും ഉത്പന്നങ്ങൾ വെണ്ണീറാക്കി മാറ്റുകയുമായിരുന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വി.വി. മുഹമ്മദലി, സെക്രട്ടറി ഷാഹുൽ ഹമീദ്, വ്യാപാരി നേതാക്കളായ ഏരത്ത് ഇഖ്ബാൽ, കണേ ക്കൽഅബ്ബാസ്, ഹാരിസ് മാത്തോട്ടം, സി.ഐ ഫായിസ് അലി എന്നിവർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.