കാളികാവ്: പരീക്ഷാ ഫലത്തിലെയും നിയമനങ്ങളിലെയും കാലതാമസത്തിൽ പൊതുവേ പി.എസ്.സിയെ കുറിച്ച് പരാതികളുണ്ട്. എന്നാൽ 21 വർഷം കഴിഞ്ഞ് നിയമന ഉത്തരവ് ലഭിച്ച മലപ്പുറത്തെ ഒരു ഉദ്യോഗാർഥിയുടെ അവസ്ഥ അമ്പരപ്പുണ്ടാക്കുകയാണ്. കാളികാവ് സ്വദേശി അബ്ദുൽ മജീദിനാണ് പി.എസ്.സി ഈ ദുരവസ്ഥ സമ്മാനിച്ചത്.
2005ലാണ് കാറ്റഗറി നമ്പർ 229/2005 പ്രകാരം പാർട് ടൈം ജൂനിയർ അറബിക് ടീച്ചർ തസ്തികയിലേക്ക് മജീദ് പരീക്ഷ എഴുതിയത്. മൂന്ന് വർഷം കഴിഞ്ഞ് 2008ൽ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി കഴിഞ്ഞു. കാലാവധി കഴിഞ്ഞാൽ പിന്നെ ആ ലിസ്റ്റിൽ നിന്ന് നിയമനം നടക്കാറില്ല. എന്നാൽ ഉദ്യാഗാർഥികളുടെ അഭാവത്തിൽ വന്ന ഒഴിവിലേക്ക് 2026 ഏപ്രിൽ 24ന് അഡ്വൈസ് മെമ്മോ ലഭിക്കുകയായിരുന്നു. അപ്പോഴേക്ക് മജീദിന് രേഖകൾ പ്രകാരം 60 വയസ് കഴിഞ്ഞു പോയി. വർഷങ്ങൾക്കിപ്പുറം പി.എസ്.സി നിയമന ഉത്തരവ് ലഭിച്ചതിന്‍റെ സന്തോഷവും പ്രായം കഴിഞ്ഞു പോയതുമൂലം ജോലി നഷ്ടപ്പെട്ടു പോകുന്നതിന്‍റെ വിഷമവും അനുഭവിക്കുകയാണ് മജീദ് ഇപ്പോൾ.
18 വർഷം തസ്തിക നികത്താതെ നീട്ടി കൊണ്ടുപോയ ശേഷം അറുപത്തൊന്നിൽ നിയമന ഉത്തരവ് അയച്ചത് പി.എസ്.സിയുടെ മനപൂർവമായ നടപടിയാണെന്നാണ് മജീദ് ആരോപിക്കുന്നത്. എസ്.എസ്.എൽ.സി ബുക്കിലെ രേഖ പ്രകാരം അബ്ദുൽ മജീദിന്‍റെ ജനനതീയതി 1966 മെയ് 27 ആണ്. എന്നാൽ തന്‍റെ യഥാർഥ ജനനതീയതി 1967 മെയ് 27 ആണെന്ന് മജീദ് അവകാശപ്പെടുന്നു. ഈ പിഴവ് തിരുത്തി ലഭിച്ചാൽ ഒരു വർഷം ജോലി ചെയ്യാൻ കഴിയും. ഇതിന് വിദ്യാഭ്യാസ മന്ത്രിക്കും അഡ്വക്കേറ്റ് എൻ.ഷംസുദ്ദീനും മജീദ് നിവേദനം നൽകിയിട്ടുണ്ട്. തനിക്ക് അനുകൂലമായി ഒരു ഫലം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മജീദ് ഇപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.