രമേശ് ചെന്നിത്തല

അഴിമതി നടത്തിയവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും -രമേശ് ചെന്നിത്തല

കഴക്കൂട്ടം: അഴിമതി നടത്തിയവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞ സർക്കാർ അഴിമതിയും കൊള്ളയും നടത്തി ജങ്ങളെ വഞ്ചിച്ചു. എന്നാൽ, അഴിമതി നടത്തുന്നവരെ രക്ഷിക്കാൻ പുതിയ സർക്കാർ അനുവദിക്കില്ലെന്നും അത്തരക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് കനത്ത ശിക്ഷ നൽകുമെന്നും ചെന്നിത്തല പറഞ്ഞു. കേരള എൻ.ജി.ഒ അസോസിയേഷന്റെ 51-ാമത് സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശം ആണ്. കഴിഞ്ഞ 10 വർഷം അനാവശ്യമായ ചിലവുകളും അനാവശ്യമായ കടമെടുപ്പും നടന്നു. ജീവനക്കാരുടെ ആനുകൂല്യങ്ങൾ മാറ്റിവെക്കപ്പെടേണ്ടതാണെന്ന നിലപാട് പുതിയ സർക്കാരിനില്ല. സി.പി.എം വിദ്യാർഥികളെ അഴിച്ചുവിട്ട് പൊലീസിന് നേരെ അക്രമങ്ങൾ നടത്തുന്നു. ഇ.ഡി ഉദ്യോഗസ്ഥർ വന്നതും പോയതും പൊലീസ് അറിഞ്ഞിട്ടില്ല. ഇ.ഡി ഉദ്യോഗസ്ഥർ എത്തിയ വാഹനങ്ങൾ അടിച്ചു തകർത്തത് ദൗർഭാഗ്യകരമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം അടിച്ചു തകർത്ത കേസിൽ പാർട്ടി ഓഫീസിൽ ഇടിച്ചുകയറി പ്രതികളെ പിടിക്കുന്നത് സർക്കാറിന്റെ നയം അല്ലെന്നും അധികാരം പോയ വിഷമം അക്രമം കാണിച്ചല്ല തീർക്കേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. റവന്യൂ മന്ത്രി എ.പി അനിൽകുമാർ, കോൺഗ്രസ് നേതാക്കളായ ബി.ആർ.എം ഷഫീർ, ജോസഫ് വാഴക്കൻ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സംസാരിച്ചു.

Tags:    
News Summary - Ramesh Chennithala says Action will be taken against those involved in corruption without any discrimination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.