തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. ഉത്തരമേഖല ഡി.ഐ.ജിയുടെയും കണ്ണീർ അസി. കമീഷണറുടെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും നടപടി. ഇരു റിപ്പോർട്ടുകളും സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറും ജയിൽ പൊലീസ് മേധാവി ബൽറാം കുമാർ ഉപാധ്യായെയും പരിശോധിച്ച് വരികയാണ്.ജയിൽ ചട്ടങ്ങൾ ലംഘിച്ചു കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ,മദ്യം, കഞ്ചാവ്, പുറത്തുനിന്നുള്ള ഭക്ഷണം സുലഭമായി ലഭിച്ചിരുന്നതായി ഗോവിന്ദച്ചാമി മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജയിൽ നവീകരണമെന്ന നിലയിൽ ജയിൽ ഉദ്യോഗസ്ഥർക്കു വ്യാപകമായ സ്ഥലമാറ്റമുണ്ടാകുമെന്ന വിവരം. സ്ഥലമാറ്റവുമായി ബന്ധപ്പെട്ടു പട്ടിക തയാറാക്കുന്ന നടപടി ജയിൽ മേധാവിയുടെ നേത്യത്വത്തിൽ നടന്നു വരികയാണ്.
ജയിൽചാടാൻ ഗോവിന്ദച്ചാമി നടത്തിയത് മൂന്നു വർഷത്തെ തയാറെടുപ്പും ആസൂത്രണവുമെന്നാണ് ഉത്തരമേഖലാ ജയിൽ ഡി.ഐ.ജി വി.ജയകുമാറിന്റെ റിപ്പോർട്ട്. നോൺവെജ് പ്രിയനായിരുന്ന ഗോവിന്ദച്ചാമി ബിരിയാണി ലഭിക്കാത്തിന് മനുഷ്യവിസർജ്യമടക്കം ഉദ്യോഗസ്ഥർക്ക് നേരെ എറിഞ്ഞ് പ്രശ്നമുണ്ടാക്കിയിട്ടുള്ള വ്യക്തിയാണ്. അങ്ങനെയൊരാൾ ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി അരിയാഹാരവും മാംസവും ഭക്ഷണത്തിൽ നിന്ന് ഉപേക്ഷിച്ചിട്ടും ഇക്കാര്യം മേലധികാരികളെ അറിയിക്കാത്തത് ഗുരുതര വീഴ്ചയായാണ് കണക്കാക്കുന്നത്. ജയിൽ ചാട്ടത്തിന് ജയിലിനകത്തുള്ളവരുടെ തന്നെ ഒത്താശ ഗോവിന്ദചാമിക്ക് ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും പരിശോധന നടന്നുവരികയാണ്.
അന്തർ സംസ്ഥാന ലഹരി മാഫിയയുടെ പിന്തുണ ഗോവിന്ദചാമിക്ക് ലഭിച്ചിട്ടുണ്ടായിരുന്നോയെന്ന സംശയവും ജയിൽവകുപ്പിനുണ്ട്.24 മണിക്കൂർ നിരീക്ഷണം വേണ്ട സി.സി.ടി.വി പരിശോധിക്കാനും ആരുമുണ്ടായില്ല. കൊടുംകുറ്റവാളികളെ പാർപ്പിച്ചിട്ടുള്ള സെല്ലുകളിൽ കൃത്യമായ ഇടവേളകളിൽ നടത്തേണ്ട പരിശോധനയിലും വീഴ്ചയുണ്ടായി.ഗുരുതരവീഴ്ച വരുത്തിയ ജയിൽ സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്കെതിരെ കർശനനടപടി വേണമെന്നു റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. ഗോവിന്ദച്ചാമിക്ക് ജയിലിനുള്ളിൽനിന്ന് ആരുടെയും സഹായം ലഭിച്ചില്ലെന്നാണ് അധികൃതരുടെ നിലപാടെങ്കിലും അക്കാര്യം വിശദമായി പരിശോധിക്കണമെന്നും ഡി.ഐ.ജി ജയിൽ മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.