കോഴിക്കോട്: സംസ്ഥാനത്ത് നൂറ് പാലങ്ങൾ 2024 ഓടെ ദീപാലംകൃതമാക്കി മാറ്റുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ തെച്ചിപാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശ രാജ്യങ്ങളിലുള്ളതു പോലെ നദികൾക്ക് കുറുകെയുളള പാലങ്ങൾ രാത്രി സമയങ്ങളിൽ ദീപാലംകൃതമാക്കി മാറ്റുമ്പോൾ അതും ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ കായംകുളത്തും ബേപ്പൂരുമുള്ള പാലങ്ങൾ ദീപാലംകൃതമാക്കിയപ്പോൾ നിരവധിയാളുകളാണ് ഇവിടങ്ങളിലേക്ക് എത്തിയത്. പാലങ്ങൾ രണ്ട് കരകളെ ബന്ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. പല നിലയിലും അത് ജനങ്ങൾക്ക് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.
അഞ്ച് വർഷം കൊണ്ട് നൂറ് പാലങ്ങൾ നിർമ്മിച്ച് നാടിന് സമർപ്പിക്കണമെന്നാണ് സർക്കാർ നിശ്ചയിച്ചത്. രണ്ട് വർഷത്തിന് മുമ്പ് തന്നെ 50 പാലങ്ങളുടെ പ്രവർത്തി പൂർത്തികരിക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. തെച്ചി പാലത്തിന്റെ പ്രവൃത്തി പൂർത്തിയായതോടെ ചെറുതും വലുതുമായി 61 പാലങ്ങളുടെ പ്രവർത്തനം പൂർത്തിയാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.എം. സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
ബാലുശ്ശേരി നിയോജകണ്ഡലത്തിലെ സംസ്ഥാന പാതയെയും കക്കയം ഡാമിനെയും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് എകരൂൽ-കക്കയം റോഡിലാണ് പുതിയ പാലം നിർമ്മിച്ചത്. തെച്ചിപാലത്തിന് വീതികുറവായിരുന്നതിനാലും പഴക്കമുള്ളതിനാലും പാലം പുനർനിർമിക്കുന്നതിനായി 2020-21 ബജറ്റിലാണ് തുക വകയിരുത്തിയത്. മുൻപുള്ള പാലം പൊളിച്ചുമാറ്റിയാണ് പുതിയപാലം നിർമിച്ചത്. പൈലിങ് ചെയ്ത് ഫൗണ്ടേഷനോടുകൂടി കോൺക്രീറ്റ് തൂണുകൾക്ക് മുകളിൽ 12 മീറ്റർ നീളത്തിലുള്ള സിംഗിൾ സ്പാനിലാണ് പാലം നിർമിച്ചത്.
ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിൻ രാജ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ റസീന നരിക്കുനി, നാസർ എസ്റ്റേറ്റ്മുക്ക്, വിവിധ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാർ, വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. സൂപ്രണ്ടിംഗ് എഞ്ചിനിയർ പി.കെ. രമ സ്വാഗതവും. അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ എൻ.വി. ഷിനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.