ഏഴു വയസുകാരിയായ മകളോട് ലൈംഗികാതിക്രമം കാട്ടിയ പിതാവിന് 66 വർഷം കഠിന തടവ്

പത്തനംതിട്ട: എഴു വയസ് മാത്രം പ്രായമുള്ള സ്വന്തം മകളോട് ലൈംഗികാതിക്രമം കാട്ടിയ പത്തനംതിട്ട സ്വദേശിയായ പിതാവിന് 66 വർഷം കഠിനതടവ്. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോൺ ആണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും കോടതി വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് വർഷം അധിക കഠിന തടവും പ്രതി അനുഭവിക്കണം.

പോക്സോ ആക്ടിലെ 3, 4, 5 എം, 5 എൻ, 6 എന്നീ വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 75-ാം വകുപ്പും പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന പ്രത്യേക പരാമർശം ഉള്ളതിനാൽ 25 വർഷം കഠിന തടവ് അനുഭവിച്ചാൽ മതിയാകും.

2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ മറ്റുള്ളവർ ഉറങ്ങി കഴിയുമ്പോൾ മകളെ അടുക്കളയിൽ എത്തിച്ചാണ് പ്രതി ലൈംഗികാതിക്രമം കാട്ടിയത്. ഇപ്രകാരം നിരവധി തവണ പിതാവിന്റെ പീഡനത്തിന് മകൾ ഇരയായി. പെൺകുട്ടിയുടെ മാതാവിന്റെ ചില സംശയങ്ങൾ സ്കൂളിലെ ടീച്ചർമാരുമായി പങ്കുവെക്കുകയും തുടർന്ന് അവർ കുട്ടിയുമായി സംസാരിച്ച് കാര്യങ്ങൾ മനസിലാക്കി പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് പ്രോസിക്യൂഷന് വേണ്ടി ഹാജരായ കേസിലെ വിസ്താരവേളയിൽ പെൺകുട്ടിയുടെ മാതാവ് കൂറുമാറിയിരുന്നു. ഇലവുംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ എം. രാജേഷ്, അയൂബ് ഖാൻ എന്നിവരാണ് അന്വേഷണം നടത്തിയത്.

Tags:    
News Summary - A father who sexually assaulted his seven-year-old daughter has been jailed for 66 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.