കണ്ണൂർ: വൈകീട്ട് കണ്ണൂരിൽനിന്ന് വടക്കോട്ടുള്ള ട്രെയിൻ സർവിസുകൾ കുറവായത് യാത്രക്കാർക്ക് ദുരിതമായി മാറുന്നു. വൈകിട്ട് 6.45ന് നേത്രാവതി എക്സ്പ്രസ് കഴിഞ്ഞാൽ, കാസർകോട്–മംഗലാപുരം ഭാഗത്തേക്ക് പോകാൻ അടുത്ത പ്രതിദിന ട്രെയിനിനായി പുലർച്ചെ 2.40 വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഏകദേശം എട്ട് മണിക്കൂറിലധികമാണ് ഈ ട്രെയിനായി കാത്തിരിക്കേണ്ടത്.
രാത്രി 10.40ന് സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ചെറിയൊരു ആശ്വാസമാണെങ്കിലും, ഉയർന്ന നിരക്കും പരിമിതമായ സ്റ്റോപ്പുകളും കാരണം ദിവസേന യാത്ര ചെയ്യുന്ന വലിയൊരു വിഭാഗം സാധാരണക്കാർക്കും ഇത് പ്രായോഗികമല്ല. നേത്രാവതിക്ക് ശേഷം വന്ദേഭാരതിനും ഏകദേശം നാല് മണിക്കൂർ ഇടവേളയുണ്ട്.
മൺസൂൺ ടൈംടേബിൾ ആരംഭിക്കുമ്പോഴാണ് ഈ യാത്രാപ്രശ്നം കൂടുതൽ രൂക്ഷമാകുന്നത്. മൺസൂൺ സീസണിന് മുമ്പ് നേത്രാവതി കണ്ണൂരിൽനിന്ന് ഏകദേശം രാത്രി 8:30നായിരുന്നു പുറപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ അത് വളരെ നേരത്തെയാക്കി. അതേസമയം, നേരത്തെ പുലർച്ചെ 1. 30ഓടെ ലഭിച്ചിരുന്ന വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ഒരു മണിക്കൂറിലധികം വൈകുകയും ചെയ്യുന്നു. ഈ രണ്ട് ട്രെയിനുകളുടെയും സമയത്തിലെ മാറ്റങ്ങൾ രാത്രി വടക്കോട്ട് യാത്ര ചെയ്യുന്നവരുടെ ആശ്രയങ്ങൾ വലിയ തോതിൽ ചുരുക്കി.
കണ്ണൂർ സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കുന്ന എക്സിക്യൂട്ടീവ്, ജനശതാബ്ദി തുടങ്ങിയ ട്രെയിനുകളിൽ വന്നിറങ്ങുന്ന യാത്രക്കാർ കാസർകോട് ഭാഗത്തേക്ക് പോകാൻ കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിക്കേണ്ടി വരുന്നു. ആ സമയത്തെ കെ.എസ്.ആർ.ടി.സി സർവിസുകളിലെ കനത്ത തിരക്ക് റെയിൽവേയ്ക്ക് പകരം ബസുകളിലേക്ക് യാത്രക്കാർ തിരിയുന്നതിന്റെ നേർക്കാഴ്ചയാണ്.
ഈ പ്രശ്നം കണ്ണൂരിൽ മാത്രം ഒതുങ്ങുന്നതല്ല, എറണാകുളം മുതൽ കാസർകോടുവരെയുള്ള റൂട്ടിൽ ഇതേ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. ഉച്ചക്ക് 1.30ന് എറണാകുളത്തുനിന്ന് നേത്രാവതി പുറപ്പെട്ടാൽ കാസർകോട് ഭാഗത്തേക്ക് അടുത്ത പ്രതിദിന ട്രെയിനിനായി രാത്രി 12.30 വരെ കാത്തിരിക്കേണ്ട സാഹചര്യമുണ്ട്.
കോഴിക്കോട്–കണ്ണൂർ യാത്രക്കാരുടെ അവസ്ഥയും വ്യത്യസ്തമല്ല. വൈകിട്ട് 6.15ലെ കണ്ണൂർ പാസഞ്ചർ കഴിഞ്ഞാൽ അടുത്ത പ്രധാന ആശ്രയം രാത്രി 10.30-ലെ എക്സിക്യൂട്ടീവ് എക്സ്പ്രസ് മാത്രമാണ്. ഇടയിൽ 9:30ന് വന്ദേഭാരത് ഉണ്ടെങ്കിലും ഉയർന്ന നിരക്കും സമയക്രമവും കാരണം സാധാരണക്കാർക്ക് ഇത് ആശ്രയിക്കാനാകില്ല. എക്സിക്യൂട്ടീവിന് ശേഷം അടുത്ത പ്രതിദിന ട്രെയിൻ പുലർച്ചെ 1.15-ന് മാത്രമാണ് ലഭ്യമാകുന്നത്.
ഇതിനിടെൽ മറ്റൊരു വിചിത്രമായ സമയക്രമവും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ഏകദേശം രാത്രി 9:30-ഓടെ കോഴിക്കോട് എത്താൻ കഴിയുന്ന ഒരു ട്രെയിൻ, വന്ദേഭാരതിനായി ഒരു മണിക്കൂറോളം കോഴിക്കോട് പിടിച്ചിടുന്ന സാഹചര്യം യാത്രക്കാരുടെ സമയത്തോടുള്ള കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് യാത്രക്കാർ പറയുന്നു.
യാത്രാസമയം സംബന്ധിച്ചും വലിയ വൈരുധ്യങ്ങളാണുള്ളത്. എറണാകുളം മുതൽ കണ്ണൂർവരെ പല ട്രെയിനുകളും ഏകദേശം നാലര മുതൽ ആറ് മണിക്കൂറിനുള്ളിൽ യാത്ര പൂർത്തിയാക്കുമ്പോൾ, എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഔദ്യോഗിക സമയക്രമം ഏഴര മണിക്കൂറാണ്. എന്നാൽ മറുവശത്ത്, കണ്ണൂരിൽ നിന്ന് എറണാകുളത്തേക്കുള്ള അതേ ട്രെയിനിന് ഔദ്യോഗികമായി ആറ് മണിക്കൂർ മാത്രമാണ് സമയം.
ട്രെയിനുകൾ മാത്രമല്ല, കെ.എസ്.ആർ.ടി.സി ബസ് പ്രതിസന്ധിയും ഇതിനേക്കാൾ രൂക്ഷമാണ്. അർധരാത്രിയിൽ തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഭാഗങ്ങളിലെ ബസ് സ്റ്റാൻഡുകൾ സജീവമായിരിക്കുമ്പോൾ, വടക്കൻ കേരളത്തിൽ കോട്ടയം ഭാഗത്തുനിന്ന് പുലർച്ചെ എത്തുന്ന പരിമിതമായ ബസുകൾ മാത്രമാണ് ആശ്രയം.
വടക്കൻ കേരളത്തിൽ ദിവസേന ആയിരക്കണക്കിന് ആളുകളാണ് ജോലി, പഠനം, ചികിത്സ, വ്യാപാരം, പരീക്ഷ, മറ്റ് ആവശ്യങ്ങൾക്കായി കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗലാപുരം മേഖലകൾക്കിടയിൽ യാത്ര ചെയ്യുന്നത്. ഇവർക്ക് ട്രെയിൻ എന്നത് കേവലമൊരു യാത്രാമാർഗമല്ല, മറിച്ച് ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. പുതിയ ട്രെയിനുകൾ പ്രഖ്യാപിക്കുന്നതിനൊപ്പം നിലവിലുള്ള ട്രെയിനുകളുടെ സമയക്രമവും യാത്രക്കാരുടെ യഥാർഥ ആവശ്യത്തിനനുസരിച്ച് പുനഃക്രമീകരിക്കേണ്ടതുണ്ടെന്ന് ചൂണ്ടികാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.