കോഴിക്കോട് : സംസ്ഥാനത്തെ എസ്.സി -എസ്.ടി ഗവേഷകർക്ക് മാസങ്ങളായി ഫെലോഷിപ്പില്ല. അതേസമയം കഴിഞ്ഞ 10 വർഷം ആദിവാസി ചെലവഴിക്കാതിരുന്നത് 793 കോടി രൂപയെന്ന് പട്ടികവർഗ വകുപ്പ്. ആദിവാസി മേഖലയിലെ സമഗ്രവികസനത്തിനായി ബജറ്റിൽ വകയിരുത്തിയ തുകയാണ് ചെലവഴിക്കാതിരുന്നത്. 2011-12 മുതൽ 2022- 23 വരെയുള്ള കണക്കാണിത്.
2022-23ൽ ബജറ്റിൽ വകയിരുത്തിയത് 690.72 കോടിയാണ്. ഇതിൽ 605.09 കോടി ചെലവഴിച്ചു. 85.62 കോടി ചെലവഴിച്ചില്ല. ഏറ്റവുമധികം തുക ചെലവഴിക്കാതെപോയത് 2019 -20 കാലത്താണ്. 699.91 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. ചെലവഴിച്ചതാകട്ടെ 437.41 കോടിയാണ്. ചെലവഴിക്കാതെ ബാക്കിയായത് 262.50 കോടിയാണ്.
2021-22 ൽ 62.18 കോടിയും 2020-21ൽ 40.33 കോടിയും ബാക്കിയായി. 2017-18 ൽ ബജറ്റിൽ വകയിരുത്തിയത് 569.20 കോടിയാണ് . അതിൽ ചെലവഴിച്ചത് 530.93 കോടിയാണ്. ബാക്കി 97.49 കോടി രൂപ ചെലവഴിച്ചില്ല. 2018-19ൽ 569.30 കോടി ബജറ്റിൽ വകയിരുത്തി. അതിൽ 522.08 കോടിയാണ് ചെലവഴിച്ചത്. 47.11 കോടി രൂപ ചെലവഴിച്ചില്ലെന്നും കണക്കുകൾ പറയുന്നു.
സംസ്ഥാനത്തെ പട്ടികജാതി -വർഗക്കാരായ 350 ഓളം ഗവേഷക വിദ്യാർഥികൾ ആണ് മാസങ്ങളായി ഫെലോഷിപ്പ് കിട്ടാതെ പഠനം പ്രതിസന്ധിയിലായത്. 23,250 രൂപയാണ് പ്രതിമാസ ഫെലോഷിപ്പ് തുക. പട്ടികജാതി- വർഗ ഡയറക്ടറേറ്റ് ആണ് ഇത് അനുവദിക്കേണ്ടത്. കോഴിക്കോട് സർവകലാശാലയിൽ മാത്രം എസ്.സി-എസ്.ടി വിഭാഗക്കാരായ 50 ഗവേഷക വിദ്യാർഥികളുണ്ട്. വിദ്യാഭ്യാസ രംഗത്ത് എസ്.സി.- എസ്.ടി വിദ്യാർഥികളോട് സർക്കാർ കാണിക്കുന്ന കടുത്ത അവഗണനയുടെയും വിവേചനത്തിന്റെയും ചിത്രമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.