കെ.പി.സി.സി അംഗങ്ങളിൽ 74 പുതുമുഖങ്ങൾ

തിരുവനന്തപുരം: മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതിയെത്തുടർന്ന് എ.ഐ.സി.സി നിർദേശപ്രകാരം പാർട്ടിയുടെ സംഘടന തെരഞ്ഞെടുപ്പിനുള്ള അതോറിറ്റി തിരിച്ചയച്ച കെ.പി.സി.സി അംഗങ്ങളുടെ പട്ടിക പുനഃക്രമീകരിക്കുന്നതിൽ ധാരണ. കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷനേതാവും പാർട്ടിയിലെ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ കൂടിയാലോചനയിലാണ് സമവായം. ഇതുപ്രകാരം മരിച്ചവരെയും പാർട്ടി വിട്ടവരെയും അനാരോഗ്യം ഉൾപ്പെടെ കാരണങ്ങളാൽ സജീവമല്ലാത്തരെയും ഒഴിവാക്കി പുതുതായി 74 പേരെ അംഗങ്ങളാക്കും.

സംസ്ഥാനത്ത് 280 കെ.പി.സി.സി അംഗങ്ങളാണുള്ളത്. നിലവിലുണ്ടായിരുന്നവരിൽ മരിച്ചവർ, പാർട്ടി വിട്ടവർ എന്നിവരെ ഒഴിവാക്കി പുതിയ 44 പേരെ ഉൾപ്പെടുത്തി 280 അംഗ പട്ടികയാണ് രണ്ടുമാസം അംഗീകാരത്തിന് ആദ്യം സമർപ്പിച്ചത്. ഇതിനെതിരെ ടി.എൻ. പ്രതാപൻ എം.പി ഉൾപ്പെടെ പരാതി അറിയിച്ചതോടെ നേതൃത്വം പട്ടിക തിരിച്ചയച്ചു. ഇതനുസരിച്ചാണ് പട്ടിക പുനഃക്രമീകരിക്കാൻ കെ.പി.സി.സി തയാറായത്. പുതിയ അംഗങ്ങളിൽ നല്ലപങ്കും യുവാക്കളാണ്.

വനിത-പട്ടിക വിഭാഗ പ്രാതിനിധ്യവും ഉറപ്പുവരുത്തിയിട്ടുണ്ട്. അതേസമയം കുറച്ചുനേതാക്കൾ മാത്രം കൂടിയാലോചിച്ച് കാര്യങ്ങൾ തീരുമാനിക്കുകയാണെന്നും കെ.പി.സി.സി അംഗങ്ങളുടെ കാര്യത്തിലും അതാണ് ഉണ്ടായതെന്നും പാർട്ടിക്കുള്ളിൽ പരാതിയുണ്ട്. പുതുതായി വരുന്ന ഒഴിവുകളിൽ സ്വന്തം ഇഷ്ടക്കാരെ നാല് നേതാക്കൾ ചേർന്ന് പങ്കിട്ടെടുക്കുകയാണ്. കൂടിയാലോചനകളില്ലാതെ കാര്യങ്ങൾ തീരുമാനിക്കുന്നത് പഴയരീതികളുടെ തനിയാവർത്തനമാണെന്നും അവർ കുറ്റപ്പെടുത്തുന്നു. 

Tags:    
News Summary - 74 new faces among KPCC members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.