ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം തട്ടിയ കേസ്​: പി.വി. അന്‍വര്‍ വഞ്ചന നടത്തിയെന്ന് ക്രൈംബ്രാഞ്ച്

മഞ്ചേരി: കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം തട്ടിയെടുത്തെന്ന കേസില്‍ പി.വി. അന്‍വര്‍ എം.എല്‍.എ പ്രഥമദൃഷ്​ട്യ വഞ്ചന നടത്തിയതായി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. വ്യാഴാഴ്ച മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. വിക്രമന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണിക്കാര്യമുള്ളത്.

മംഗലാപുരം ബല്‍ത്തങ്ങാടി താലൂക്കിൽ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷര്‍ പി.വി. അന്‍വറിന് വിൽപ്പന നടത്തിയ കാസർകോട് സ്വദേശി കെ. ഇബ്രാഹിമി​െൻറ മൊഴി ഡിവൈ.എസ്.പി രേഖപ്പെടുത്തിയിരുന്നു. ക്രഷറും 26 ഏക്കര്‍ സ്​ഥലവും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞാണ് പി.വി. അന്‍വര്‍ പ്രവാസി എന്‍ജിനീയറായ മലപ്പുറം നടുത്തൊടി പട്ടര്‍ക്കടവ് സ്വദേശി സലീമില്‍നിന്ന്​ 10 ശതമാനം ഓഹരിയും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങിയത്.

എന്നാല്‍, ക്രഷര്‍ സര്‍ക്കാറില്‍നിന്ന്​ പാട്ടത്തിന് ലഭിച്ച രണ്ടേക്കറിലാണെന്നും ഇതി​െൻറ പാട്ടക്കരാര്‍ മാത്രമാണ് അന്‍വറിന് കൈമാറിയതെന്നുമാണ് ഇബ്രാഹിമി​െൻറ മൊഴി. ഇതോടൊപ്പം ക്രഷറിനോട് ചേര്‍ന്ന് സ്വന്തം ഉടമസ്ഥതയിലുള്ള 1.5 ഏക്കറും കൊറിഞ്ചയിലെ 1.5 ഏക്കറും കൈമാറിയതായും മൊഴി നല്‍കിയിട്ടുണ്ട്​.

സ്വന്തം ഉടമസ്ഥതയിലും ക്രയവിക്രയ സ്വാതന്ത്ര്യത്തോടുകൂടിയതുമാണ് ക്രഷര്‍ എന്ന് കരാറില്‍ പി.വി. അന്‍വര്‍ പറയുന്നതും ക്രഷര്‍ പാട്ടഭൂമിയിലുള്ളതാണെന്ന്​ വ്യക്തമാക്കാത്തതും പ്രഥമ ദൃഷ്​ട്യ വഞ്ചനയാണെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉടന്‍ മംഗലാപുരത്തുപോയി അന്വേഷണം നടത്തുമെന്നും കൂടുതല്‍ രേഖകള്‍ പരിശോധിച്ചും സാക്ഷികളുടെ മൊഴികളെടുത്തും അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് വെള്ളിയാഴ്ച മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്. രശ്മി പരിഗണിക്കും. 

Tags:    
News Summary - 50 lakh scam involving business offer: The crime branch said that PV Anwar had committed fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.