പരിയാരത്ത്​ യുവാവിനെ തല്ലിക്കൊന്ന കേസിൽ അഞ്ചുപേർ അറസ്​റ്റിൽ

തളിപ്പറമ്പ്: ബക്കളത്തെ മൊട്ടന്‍റകത്ത് പുതിയപുരയില്‍ അബ്ദുല്‍ ഖാദറിനെ (38) അടിച്ചുകൊന്ന കേസില്‍ വായാട് സ്വദേശികളായ അഞ്ചു യുവാക്കള്‍ അറസ്റ്റില്‍. കെ.സി. നൗഷാദ് (27), ഇ. ശിഹാബുദ്ദീന്‍ (27), എം. അബ്ദുല്ലക്കുട്ടി (25), സി.ടി. മുഹാസ് (21), പി.വി. സിറാജ് (28) എന്നിവരെയാണ് തളിപ്പറമ്പ് സി.ഐ കെ.ഇ. പ്രേമചന്ദ്രന്‍ ഇന്നലെ പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. നിരവധിതവണ ഖാദര്‍ ദ്രോഹിച്ചതിന്‍െറ പ്രതികാരമായിട്ടാണ് കൊല നടത്തിയതെന്ന് പ്രതികള്‍ പൊലീസിന് മൊഴിനല്‍കി. 

സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖാദര്‍ വായാട്ടെ യുവതിയെ വിവാഹം കഴിച്ചതുമുതല്‍ വായാട്ടെ ജനങ്ങളെ വല്ലാത്തരീതിയില്‍ ദ്രോഹിച്ചുവരുന്നുണ്ട്. ഇത് അവസാനിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രതികള്‍ ആസൂത്രണം ചെയ്തതാണ് കൊലപാതകം. ചൊവ്വാഴ്ച രാത്രി എട്ടോടെ പ്രതികള്‍ കാറില്‍ ബക്കളത്തെ ഖാദറിന്‍െറ വീട്ടിലേക്ക് പുറപ്പെട്ടു. മണിക്കൂറോളം കാത്തുനിന്ന ഇവര്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഖാദര്‍ പുറത്തിറങ്ങുന്നത് കണ്ടു. ഇതോടെ ഇയാളെ പിടികൂടി സമീപത്തെ വയലില്‍ കൊണ്ടുപോയി തല്ലിച്ചതച്ചു. കൈയില്‍ കരുതിയ മുളകുപൊടിയും കുരുമുളക് പൊടിയും കണ്ണില്‍ വിതറിയായിരുന്നു മര്‍ദനം. തുടര്‍ന്ന് ഇയാളെ കാലും കൈയും കൂട്ടിക്കെട്ടി കാറില്‍ കയറ്റി, അമ്മാനപ്പാറവഴി കാരക്കുണ്ടിലേക്ക് കൊണ്ടുപോയി. മുളവടികൊണ്ട് കൈയും കാലും തല്ലിയൊടിച്ചു. തുടര്‍ന്ന് രാവിലെ 5.45ഓടെ വായാട് ഗ്രൗണ്ടിന് സമീപത്തെ റോഡരികില്‍ ഉപേക്ഷിച്ചു.

തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ സി.ഐയും സംഘവുമാണ് കേസന്വേഷിക്കുന്നത്. എസ്.ഐമാരായ പ്രഭാകരന്‍, പുഷ്പന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ തമ്പാന്‍, ജാബിര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ട്. പ്രതികളെ ബക്കളം, കാരക്കുണ്ട്, വായാട് എന്നിവിടങ്ങളില്‍ തെളിവെടുപ്പിനുശേഷം വൈകീട്ടോടെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി.

Tags:    
News Summary - 5 persons are arrested by police in pariyaram murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.