പാലക്കാട്: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് സാമ്പത്തികവർഷത്തിനിടെ വൈദ്യുതാഘാതമേറ്റ് ചത്തത് 335 മൃഗങ്ങൾ. 2020-21 മുതൽ 2024-25 വരെയുള്ള കാലഘട്ടത്തിലാണ് ഇത്രയും മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ കണക്കുപ്രകാരം 2020-21ൽ 61, 2021-22ൽ 88, 2022-23ൽ 65, 2023-24ൽ 48, 2024-25ൽ 73 എന്നിങ്ങനെയാണ് ജീവൻ നഷ്ടപ്പെട്ട മൃഗങ്ങളുടെ എണ്ണം. അനധികൃത വൈദ്യുത വേലിയിൽ തട്ടിയും പൊട്ടിവീണ കമ്പിയിൽ തട്ടിയുമാണ് മൃഗങ്ങൾ ചാകുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ മൃഗങ്ങൾ ചത്തത് തൃശൂർ ജില്ലയിലാണ്-17 എണ്ണം. പാലക്കാട് ജില്ലയിൽ 13 എണ്ണവും കോഴിക്കോട്ട് 11 മൃഗങ്ങളും ചത്തു. കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളെ തുരത്താനായി സ്ഥാപിക്കുന്ന അനധികൃത വൈദ്യുത വേലികളാണ് പലപ്പോഴും മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ അപകടകരമാകുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിൽ പാലക്കാട് ജില്ലയിൽ മാത്രം 69 മൃഗങ്ങളാണ് ഇത്തരത്തിൽ ചത്തത്. 2022-23, 2023-24 സാമ്പത്തികവർഷങ്ങളിലാണ് കൂടുതൽ മരണങ്ങളുണ്ടായത്. 19 എണ്ണം വീതം. ഏറ്റവും കുറവ് 2020-21 വർഷം രേഖപ്പെടുത്തിയ എട്ട് മരണങ്ങളാണ്. നടപ്പുസാമ്പത്തിക വർഷം ജില്ലയിൽ ഇതുവരെ നാല് മൃഗങ്ങൾക്കാണ് ജീവൻ പൊലിഞ്ഞത്.
കാട്ടുപന്നി, വളർത്തുനായ, പോത്ത്, പശു എന്നിവയാണ് ചത്തത്. രണ്ടെണ്ണം അനധികൃത വൈദ്യുത വേലിയിൽനിന്ന് ഷോക്കേറ്റാണ് ചത്തത്. നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴും പലയിടത്തും ഇപ്പോഴും ഇത്തരം അനധികൃത വേലികൾ സ്ഥാപിക്കപ്പെടുന്നുണ്ട്. കഴിഞ്ഞദിവസം മണ്ണാർക്കാട് വനം ഡിവിഷനിലെ തിരുവിഴാംകുന്ന് വനമേഖലയിൽ കാട്ടാന ചരിഞ്ഞത് ഷോക്കേറ്റാണോ എന്ന് വനം വകുപ്പിന് സംശയമുണ്ട്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
വനം വകുപ്പ് അന്വേഷണം പുരോഗമിക്കുകയാണ്. കാട്ടുപന്നികൾക്ക് പുറമേ വളർത്തുമൃഗങ്ങളും അബദ്ധത്തിൽ അനധികൃത വൈദ്യുത വേലികളിൽ പെട്ട് ചാകുന്നുണ്ടെന്ന് അധികൃതർ പറയുന്നു. ശക്തമായ കാറ്റിലും മഴയിലും വൈദ്യുത കമ്പികൾ പൊട്ടിവീണുണ്ടായ അപകടങ്ങളിൽ പെട്ടാണ് കഴിഞ്ഞവർഷം കൂടുതൽ മൃഗങ്ങളും ചത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.