2024ല്‍ സംസ്ഥാനത്താകെ 27,578 ലഹരി കേസുകള്‍, 29,889 അറസ്റ്റ്; പിടിച്ചത് 45 കോടിയുടെ മയക്കുമരുന്നുകള്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി 2024ല്‍ സംസ്ഥാനത്താകെ 27,578 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും 29,889 പ്രതികളെ അറസ്റ്റ് ചെയ്തെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 45 കോടി വിലയുള്ള വിവിധ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. 2025ല്‍ മാര്‍ച്ച് 31 വരെ 12,760 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 13,449 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 12 കോടിയുടെ മയക്കുമരുന്നുകള്‍ പിടിച്ചു.

ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഏപ്രില്‍ 16ന് വിവിധ മതമേലധ്യക്ഷന്മാരുടെ യോഗവും 17ന് സര്‍വ്വകക്ഷിയോഗവും വിളിച്ചുചേര്‍ക്കും. ഓപ്പറേഷന്‍ ഡിഹണ്ടിലേക്ക് രഹസ്യ വിവരങ്ങൾ നല്‍കുന്നതിനായി ഡ്രഗ് ഇന്‍റലിജന്‍സ് (ഡി ഇന്‍റ്) എന്ന സംവിധാനം സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ നേതൃത്വത്തില്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇതുവഴി കഴിഞ്ഞ ഫെബ്രുവരി 22 മുതല്‍ ഏപ്രില്‍ നാല് വരെയുള്ള ചുരുങ്ങിയ കാലയളവില്‍ മാത്രം 2503 സോഴ്സ് റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട ജില്ല പൊലീസ് മേധാവികള്‍ക്ക് കൈമാറി.

സ്ഥിരം മയക്കുമരുന്ന് വ്യാപാരം നടത്തി ക്രൈംകേസുകളില്‍പ്പെട്ട ആള്‍ക്കാരുടെ പ്രത്യേകം പട്ടിക തയ്യാറാക്കി. അതില്‍ 97 പേര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. കേരളത്തിലെ മയക്കു മരുന്ന് കേസുകളുമായി ബന്ധപ്പെട്ടു മറ്റ് സംസ്ഥാനങ്ങളിലെ 94 വ്യക്തികളെ അറസ്റ്റ് ചെയ്തു. 236.64 ഗ്രാം എം.ഡി.എം.എ, 562 കിലോ ഗ്രാം കഞ്ചാവും ഉള്‍പ്പെടെ 34 കോടി രൂപയുടെ മയക്കു മരുന്നു പിടിച്ചെടുത്തു. 2024, 2025 വര്‍ഷത്തില്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ കടത്തിക്കൊണ്ട് വന്ന മയക്കുമരുന്നുകൾ പൊലീസ് പിടിച്ചെടുത്ത് 64 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1.5 കോടി രൂപയുടെ മയക്കു മരുന്നു പിടിച്ചെടുത്തു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന സംഘങ്ങളെ പിടികൂടാന്‍ ഡാൻസാഫ് ടീം സജീവമായി ഇടപെടുന്നുണ്ട്. 180 കേസുകളിലായി 251 പേരെ അറസ്റ്റ് ചെയ്തു. 2024 വര്‍ഷത്തില്‍ 65 കേസുകളിലായി 88 പ്രതികളുടെയും 2025 വര്‍ഷത്തില്‍ 32 കേസുകളിലായി 39 പ്രതികളുടെയും സ്ഥാവരജംഗമ വസ്തുക്കള്‍ കണ്ടെടുക്കുകയും ജപ്തി ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.

Tags:    
News Summary - 27,578 drug cases, 29,889 arrests across the state in 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.