പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ക്ഷേമപെൻഷൻ നേരിട്ട് വീട്ടിലെത്തിക്കൽ കിടപ്പുരോഗികൾക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള സർക്കാർ നീക്കത്തെ രാഷ്ട്രീയായുധമാക്കാൻ സി.പി.എം. പെൻഷൻ പദ്ധതി അട്ടിമറിക്കാനുള്ള യു.ഡി.എഫ് നീക്കത്തിന്റെ തുടക്കമാണിതെന്നാണ് സി.പി.എം ആരോപണം. പ്രതിപക്ഷ നേതാവ് പിണറായി വിജയന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവരും സർക്കാർ ഉത്തരവിനെതിരെ വിമർശനവുമായി രംഗത്തെത്തി.
അതേസമയം ഒന്നിലധികം തവണ പെൻഷൻ നൽകുന്നതടക്കം ക്രമക്കേടുകളും വിതരണം ചെയ്യാത്ത തുക തിരികെ അടയ്ക്കുന്നതിലെ താമസവും പിടിവള്ളിയാക്കിയാണ് ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് പെൻഷൻ വിതരണം ചെയ്യാനുള്ള സർക്കാർ നീക്കം. സഹകരണ സംഘങ്ങൾ വഴി നേരിട്ട് പെൻഷൻ വിതരണം ചെയ്യുന്നത് സാമ്പത്തിക ബാധ്യതയും ഭരണപരമായ പ്രതിസന്ധികളും ഉണ്ടാക്കുന്നെന്നാണ് ധനവകുപ്പ് വിലയിരുത്തൽ. ഒപ്പം ക്ഷേമ പെൻഷൻ നേരിട്ട് അകൗണ്ട് വഴിയാക്കണമെന്ന 2023 ലെ സി.എ.ജി റിപ്പോർട്ടും സർക്കാർ ഉയർത്തിക്കാട്ടുന്നു.
62 ലക്ഷത്തോളം ക്ഷേമപെൻഷൻ ഗുണഭോക്താക്കളിൽ 26.62 ലക്ഷം പേർക്ക് മാത്രമാണ് ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ എത്തുന്നത്. ശേഷിക്കുന്ന 35.38 ലക്ഷം പേർക്ക് സഹകരണ ബാങ്കുകൾ വഴി വീടുകളിൽ നേരിട്ട് എത്തിക്കുകയാണ് ചെയ്യുന്നത്. ഇത്രയധികം പേർ ബാങ്ക് അക്കൗണ്ട് എടുക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി.പി.എം വിമർശനങ്ങൾ. സഹകരണ ബാങ്കുകൾ വഴി ഏതാണ്ട് പകുതിയോളം ഗുണഭോക്താക്കൾക്ക് വീടുകളിൽ നേരിട്ടെത്തിച്ചിരുന്ന പെൻഷൻ വിതരണ സംവിധാനം ഇല്ലാതാക്കുന്നത് സാധാരണക്കാരായ വയോജനങ്ങളെ ദുരിതത്തിലാക്കുമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
ജനക്ഷേമകരമായ പദ്ധതിയെ നിഷ്ക്രിയമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇതിനെതിരെ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും സി.പി.എം നേതൃത്വം മുന്നറിയിപ്പ് നൽകി. അതേസമയം നേരിട്ട് സമരം ചെയ്യാനില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. സി.പി.എമ്മിന്റെ കൊടിയും പിടിച്ച് സമരം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ജനങ്ങൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നത് ഉറപ്പാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഒറ്റപ്പെട്ട ക്രമക്കേടുകളുടെ പേരിൽ ക്ഷേമപെൻഷൻ നേരിട്ട് വീട്ടിലെത്തിക്കുന്നത് നിർത്തുകയും പകരം ബാങ്കുവഴിയാക്കുകയും ചെയ്യുന്നത് എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ക്ഷേമപെൻഷന് തടസ്സമുണ്ടാക്കാൻ മാത്രമേ ഈ ഉത്തരവ് സഹായിക്കൂ. ക്രമക്കേട് നടക്കുന്നെങ്കിൽ അത് കണ്ടെത്തുകയും നടപടിയെടുക്കുകയുമാണ് വേണ്ടത്. അല്ലാതെ കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യം ഇല്ലാതാക്കലോ ക്രമക്കേടിന് സാധ്യതയുണ്ടെന്ന് കരുതി സമ്പ്രദായം പൂർണമായി അവസാനിപ്പിക്കുകയോ അല്ല വേണ്ടത്.
കണക്കുകൾ ഒത്തുനോക്കി സ്ഥിരീകരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പദ്ധതിതന്നെ ഇല്ലാതാക്കിയാലോ. ആരെങ്കിലും തെറ്റായ ഉപദേശം കൊടുത്താൽ അത് സ്വീകരിക്കുന്ന ആളാണ് വി.ഡി. സതീശനെന്ന് കരുതുന്നില്ല. അദ്ദേഹത്തിന്റെ ബുദ്ധിയിലാണ് ഇത് തോന്നുന്നതെങ്കിൽ അപകടകരമാണെന്നേ പറയാനുള്ളൂ. രാഷ്ട്രീയ കാരണങ്ങളാലാണ് തീരുമാനമെങ്കിൽ അബദ്ധമാണ്. കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ മുഴുവൻ ഇടതുപക്ഷത്തിന്റെ കയ്യിലല്ല.
യു.ഡി.എഫ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും നിരവധിയാണ്. പെൻഷൻ വാങ്ങുന്നവരിൽ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരുമുണ്ട്. രാഷ്ട്രീയത്തിന്റെ പേരിൽ വർഷങ്ങളെടുത്ത് തയാറാക്കിയ സംവിധാനം ഇല്ലാതാക്കരുത്. ബാങ്ക് അക്കൗണ്ട് എടുക്കാനുള്ള നെട്ടോട്ടത്തിൽ പലർക്കും സമയത്ത് ക്ഷേമപെൻഷൻ കിട്ടാത്ത സാഹചര്യമുണ്ടാകും. സഹകരണ സ്ഥാപനങ്ങൾക്ക് വിതരണ ഇനത്തിൽ നൽകുന്ന ഇൻസെന്റീവ് വലിയ തുകയൊന്നുമല്ല. ക്ഷേമപെൻഷൻ 3000 രൂപയാക്കുമെന്ന വാഗ്ദാനമാണ് ജനം യു.ഡി.എഫിൽനിന്ന് പ്രതീക്ഷിക്കുന്നത് - അദ്ദേഹം പറഞ്ഞു.
ക്ഷേമപെൻഷൻ പദ്ധതി ഒഴിവാക്കുന്നതിന്റെ ആദ്യഘട്ടമായാണ് നേരിട്ടുള്ള വിതരണം അവസാനിപ്പിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നേരിട്ട് പെൻഷൻ നൽകാനാവില്ലെന്ന തീരുമാനം അംഗീകരിക്കാനാവില്ല. ശക്തമായ പ്രക്ഷോഭം ഉയർന്നുവരും. സർക്കാർ പ്രഖ്യാപനം ഉടൻ പിൻവലിക്കണം. താൻ ഇതിൽ രാഷ്ട്രീയം കാണുന്നില്ല. 80-85 വയസ്സുള്ളവർ എങ്ങനെ ബാങ്കുകളിൽ പോയി പണം വാങ്ങും. ബാങ്കിന്റെ പിഴകളും മറ്റ് പ്രശ്നങ്ങളും ഇതിന് പുറമേയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.