പുതുവര്‍ഷ പദ്ധതികള്‍ പൂര്‍ണമാകാതെ 196 തദ്ദേശ സ്ഥാപനങ്ങള്‍

കണ്ണൂര്‍: പുതിയ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷമുള്ള ആദ്യത്തെ തദ്ദേശ സ്ഥാപന വാര്‍ഷിക പദ്ധതികള്‍ പൂര്‍ണമായും അംഗീകാരം തേടുന്നതില്‍ 196 സ്ഥാപനങ്ങള്‍ പിറകിലായി. എല്ലാ പദ്ധതികള്‍ക്കും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നിശ്ചിത സമയത്തിനകം നേടാനാവാതെ  257 തദ്ദേശ സ്ഥാപനങ്ങളുണ്ടായിരുന്നു. വീഴ്ചകള്‍ പരിഹരിച്ച് വീണ്ടും പദ്ധതികള്‍ സമര്‍പ്പിക്കാന്‍ അനുവാദം നല്‍കിയപ്പോഴും ഇന്നലെ അവസാന കണക്കെടുപ്പില്‍ 196 സ്ഥാപനങ്ങള്‍ പിറകിലാണ്.
പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പാലിക്കാത്ത പദ്ധതികളാണ് ജില്ലാ ആസൂത്രണ സമിതികള്‍ നിരാകരിച്ചത്. വയനാട് ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും സമര്‍പ്പിച്ച വാര്‍ഷിക പദ്ധതികള്‍ നൂറ് ശതമാനവും അംഗീകരിക്കപ്പെട്ടു.
നിശ്ചിത സമയത്തിനുള്ളില്‍ നൂറ് ശതമാനം മാനദണ്ഡം പാലിക്കാതിരുന്ന 66 ശതമാനം പദ്ധതികളും നിരാകരിക്കപ്പെട്ട് കോട്ടയം ജില്ലയാണ് ഏറ്റവും പിറകിലുണ്ടായത്. ഒടുവില്‍  തിരുത്തലുകള്‍ക്ക് അവസരം നല്‍കിയിട്ടും 89 തദ്ദേശ സ്ഥാപനങ്ങളുള്ള കോട്ടയത്ത് 70 തദ്ദേശ സ്ഥാപനങ്ങളിലെ മുഴുവന്‍ പദ്ധതികള്‍ക്കും ഇന്നലെ അനുമതിയായി. ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലെ ചില പഞ്ചായത്തുകളും പദ്ധതി പരിഷ്കരിച്ച് അംഗീകാരം നേടി. പക്ഷേ, പദ്ധതി പുതുക്കി നല്‍കുമ്പോള്‍ പ്ളാന്‍ഫണ്ട് നിശ്ചിത വിഹിതം ഇവര്‍ക്ക് നഷ്ടമാവും.
അയല്‍ക്കൂട്ടങ്ങളില്‍ ചര്‍ച്ച ചെയ്യാതെയും ചില അയല്‍ക്കൂട്ടങ്ങള്‍ കോറം തികയാതെയും സമര്‍പ്പിച്ച പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതികള്‍ നിരാകരിച്ചതില്‍പെടുന്നു. നിശ്ചിത ഘടനയും ഉള്ളടക്കവും പാലിക്കാത്ത മറ്റു ചില പദ്ധതികളാണ്് തിരുത്തി അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്. 1200 തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള  1,81,744 പദ്ധതികളാണ് ആസൂത്രണ സമിതിയുടെ അംഗീകാരത്തിന് വന്നത്. ഇതില്‍ 1,42,916 പദ്ധതികളാണ് അംഗീകരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.