സ്വാശ്രയപ്രവേശം: സുപ്രീംകോടതിവിധിയില്‍ സര്‍ക്കാറിനും പ്രവേശം നേടിയവര്‍ക്കും ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളില്‍ ഈ വര്‍ഷം നടത്തിയ പ്രവേശനടപടികളില്‍ സുപ്രീംകോടതി ഇടപെടാതിരുന്നത് സ്വാശ്രയ സമരം കത്തുന്നതിനിടെ സര്‍ക്കാറിന് ആശ്വാസമായി. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകള്‍ സ്വന്തം നിലക്ക് പ്രവേശം നല്‍കിയ നടപടി റദ്ദ് ചെയ്ത സുപ്രീംകോടതി കേന്ദ്രീകൃത അലോട്ട്മെന്‍റിന് ഉത്തരവിട്ടതിന് പിന്നാലെയാണ് കേരളത്തിലെ പ്രവേശനടപടികളില്‍ ഇടപെടാതിരുന്നത്. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുണ്ടെങ്കില്‍ അവയിലേക്ക് കേന്ദ്രീകൃത അലോട്ട്മെന്‍റ് വേണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുമുണ്ട്.  
 സംസ്ഥാന സര്‍ക്കാറുമായി ഒപ്പുവെച്ച കരാറിന്‍െറ അടിസ്ഥാനത്തിലായിരുന്നു 50 ശതമാനം വരുന്ന മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ ക്വോട്ട സീറ്റുകളിലേക്ക് മാനേജ്മെന്‍റുകള്‍ അലോട്ട്മെന്‍റ് നടത്തിയത്. ഇതിനെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. ഹരജി അനുവദിച്ചിരുന്നെങ്കില്‍ കഴിഞ്ഞ ഒരു മാസത്തോളമായി ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ സ്വാശ്രയ കോളജുകളില്‍ നടന്നുവരുന്ന പ്രവേശനടപടികള്‍ ഒന്നടങ്കം റദ്ദാകുമായിരുന്നു.
പ്രവേശനടപടികള്‍ ഏറക്കുറെ പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രശ്നത്തില്‍ കോടതി ഇടപെടാതിരുന്നത്. പ്രവേശം നേടിയ വിദ്യാര്‍ഥികളെയും സര്‍ക്കാറിനെയും സംബന്ധിച്ച് ആശ്വാസം നല്‍കുന്നതാണ് സുപ്രീംകോടതിവിധി. വിധി മറിച്ചായിരുന്നെങ്കില്‍ പ്രവേശപരീക്ഷാകമീഷണര്‍ തന്നെ മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് നീറ്റ് പട്ടികയെ അടിസ്ഥാനപ്പെടുത്തി അലോട്ട്മെന്‍റ് നടത്തേണ്ടിവരുമായിരുന്നു. പ്രവേശനടപടികളില്‍ മാനേജ്മെന്‍റുകള്‍ കൃത്രിമം കാണിക്കുന്നെന്ന് വ്യാപകപരാതികള്‍ ഉയര്‍ന്നിരുന്നു. കേന്ദ്രീകൃത അലോട്ട്മെന്‍റ് നടത്തിയിരുന്നെങ്കില്‍ കൃത്രിമം തടയാന്‍ വഴിയൊരുങ്ങുമായിരുന്നു.
എന്നാല്‍, നിലവില്‍ നടത്തിയ അലോട്ട്മെന്‍റില്‍ പ്രവേശം നേടിയ പലവിദ്യാര്‍ഥികള്‍ക്കും അവസരം നഷ്ടമാവുകയോ കോളജുകള്‍ മാറുകയോ ചെയ്യേണ്ടിവരുമായിരുന്നു. ഹൈകോടതിവിധിയെ തുടര്‍ന്ന് 50 ശതമാനം സീറ്റുകള്‍ വിട്ടുകൊടുത്താണ് സര്‍ക്കാര്‍ സ്വാശ്രയകോളജുകളെ പ്രവേശകരാറിലേക്ക് കൊണ്ടുവന്നത്. ഇതുപ്രകാരം ഫീസ് ഘടനയും നിശ്ചയിച്ചു. മുഴുവന്‍ സീറ്റുകളിലും സര്‍ക്കാര്‍ അലോട്ട്മെന്‍റ് വന്നാല്‍ ഫീസ്ഘടനയുടെ കാര്യത്തില്‍ സ്വാശ്രയ കോളജുകള്‍ കരാറില്‍ നിന്ന് പിന്നാക്കം പോകുന്ന സാഹചര്യവും ഉണ്ടാകുമായിരുന്നു. ഈ സാഹചര്യവും നീങ്ങിയത് സര്‍ക്കാറിന് ആശ്വാസമാണ്. അതേസമയം, അടുത്തവര്‍ഷം മുഴുവന്‍ സീറ്റുകളിലും കേന്ദ്രീകൃത അലോട്ട്മെന്‍റ് നടത്താന്‍ സര്‍ക്കാറിന് വഴിയൊരുക്കുന്നതാണ് കോടതിവിധി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.