തമിഴ് യുവാവിന്‍െറ കൊല: ഒമ്പതുപേര്‍ക്ക് ജീവപര്യന്തവും 14 വര്‍ഷം കഠിന തടവും

തൃശൂര്‍: തിരുച്ചംകോട് ശെങ്കോട്ടപാളയം സ്വദേശി ശുംഭു എന്ന ഷണ്‍മുഖനെ (35) തട്ടിക്കൊണ്ടുവന്ന് ചാലക്കുടിയില്‍വെച്ച് കൊലപ്പെടുത്തിയ കേസില്‍ ദമ്പതികള്‍ ഉള്‍പ്പെടെ തമിഴ്നാട്ടുകാരായ ഒമ്പത് പ്രതികള്‍ക്ക് തൃശൂര്‍ ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവും പുറമെ 14 വര്‍ഷവും ഒമ്പതുമാസവും കഠിന തടവും ശിക്ഷ വിധിച്ചു. പുറമെ, ഇവര്‍ 40,000 രൂപ വീതം പിഴയും അടക്കണം. ഷണ്‍മുഖന്‍െറ മകള്‍ക്ക് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കി. ഭാര്യ നേരത്തെ മരിച്ച ഷണ്‍മുഖന്‍ കൊല്ലപ്പെട്ടതോടെ അനാഥയായ 16 വയസ്സുള്ള മകളുടെ അവസ്ഥ കാണാതിരിക്കാനാവില്ളെന്ന് നിരീക്ഷിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികളെ ജയിലിലേക്കയച്ചു.

തിരുച്ചംകോട് ശെങ്കോട്ടപാളയം സ്വദേശി കരാട്ടെ ശരവണന്‍ (35), ഭാര്യ ശിവകാമി (25), ശെങ്കോട്ടപാളയം സ്വദേശി ശെന്തില്‍ (23), നാമക്കല്‍ ചെട്ട്യാര്‍തെരുവ് ലക്ഷ്മണന്‍ (23), ഈറോഡ് വായ്ക്കല്‍പാളയം രമേഷ് (25), സേലം സന്യാസിഗുണ്ട് ജഗദീഷ് (25), രാമനാഥപുരം രംഗസ്വാമി (24), നാമക്കല്‍ മംഗളപുരം മുത്തു (30), നാമക്കല്‍ മോട്ടൂര്‍തിരി അങ്കമുത്തു (29) എന്നിവരെയാണ് ശിക്ഷിച്ചത്. 10ാം പ്രതി പൊള്ളാച്ചി സ്വദേശി ഗോവിന്ദരാജ് ഒളിവിലാണ്.

ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസ് സാഹചര്യ, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ തെളിയിച്ചത്. തമിഴ്നാട് വൈദ്യതി ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന ഷണ്‍മുഖന്‍ തമിഴ്നാട്ടിലെ നാമക്കല്ലില്‍വെച്ച് തിരുച്ചംകോട് മുനിസിപ്പല്‍ കൗണ്‍സിലര്‍ അളകരശന്‍ കൊല്ലപ്പെട്ട കേസിലെ ഏക ദൃക്സാക്ഷിയാണ്. തെളിവ് നശിപ്പിക്കാന്‍ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ ചോറ്റാനിക്കരയില്‍ ഭജനമിരിക്കാന്‍ എന്ന പേരില്‍ 2004 ഡിസംബര്‍ ഏഴിന് പ്രതികള്‍ ഇയാളെ തട്ടിക്കൊണ്ടുവന്ന് ചോറ്റാനിക്കരയിലെ ലോഡ്ജില്‍ താമസിപ്പിച്ചു.

രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിടികൂടി പൊള്ളാച്ചിയിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് അര്‍ധരാത്രിക്കുശേഷം ചാലക്കുടിയിലത്തെിച്ച് ചാലക്കുടി പാലത്തില്‍ വെച്ച് കയറുകൊണ്ട് കൈകാലുകളും കഴുത്തും മുറുക്കി ശ്വാസം മുട്ടിച്ചും കഴുത്തില്‍ വെട്ടിയും കൊലപ്പെടുത്തി പുഴയില്‍ തള്ളി. നാലാം ദിവസമാണ് മൃതദേഹം കണ്ടത്. ചാലക്കുടി പൊലിസാണ് കേസ് അന്വേഷിച്ചത്. സമൂഹ മന$സാക്ഷിയെ ഞെട്ടിച്ച നിഷ്ഠൂരവും മൃഗീയവുമായ കൊലപാതകം നടത്തിയ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ളെന്നും ഇവര്‍ക്കുള്ള ശിക്ഷ സമൂഹത്തിന് പാഠമാകണമെന്നും കോടതി നിരീക്ഷിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.