തെരുവുനായ് നിയന്ത്രണത്തിന് കുടുംബശ്രീയും

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ തെരുവുനായ് ശല്യം പരിഹരിക്കാന്‍ നിയന്ത്രണ പദ്ധതിയുമായി കുടുംബശ്രീയും. ഇതിന് തെരഞ്ഞെടുത്ത അയല്‍ക്കൂട്ടം വനിതകള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ പരിശീലനം നല്‍കി സംരംഭക ഗ്രൂപ്പുകള്‍ രൂപവത്കരിക്കും. ഇവര്‍ പിന്നീട് ഓരോ ബ്ളോക്കിലും പദ്ധതിയുമായി ബന്ധപ്പെട്ട മാനേജ്മെന്‍റ് യൂനിറ്റുകളായി പ്രവര്‍ത്തിക്കും.

അയല്‍ക്കൂട്ട വനിതകള്‍ക്ക് വരുമാനദായക സംരംഭം എന്നനിലക്ക് സംസ്ഥാനത്തെ 50 ബ്ളോക്കുകളില്‍ സംരംഭക ഗ്രൂപ്പുകള്‍ രൂപവത്കരിക്കും. ഓരോ ബ്ളോക് പരിധിയിലുമുള്ള പഞ്ചായത്തുകളിലെ തെരുവുനായ്ക്കളെ നിലവിലെ നിയമങ്ങള്‍ക്ക് വിധേയമായി കൂടുവെച്ചു പിടിച്ച് മൃഗാശുപത്രിയില്‍ എത്തിച്ച് വന്ധ്യംകരണ ശസ്ത്രക്രിയയും ശസ്ത്രക്രിയാനന്തര പരിചരണവും ഉറപ്പാക്കുകയാണ് ബ്ളോക് മാനേജ്മെന്‍റ് യൂനിറ്റുകളുടെ ചുമതല.

പരീക്ഷണാടിസ്ഥാനത്തില്‍ എറണാകുളം ജില്ലയിലെ പാറക്കടവ്, അങ്കമാലി, പാമ്പാക്കുട ബ്ളോക്കുകളില്‍ ഗ്രൂപ്പുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. ഇതിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. ഒക്ടോബര്‍ അഞ്ചിന് ഇവിടങ്ങളില്‍ പദ്ധതി ആരംഭിക്കും. അഞ്ചുപേരടങ്ങുന്നതാണ് ഓരോ സംരംഭക യൂനിറ്റും. കുടുംബശ്രീ കുടുംബാംഗങ്ങളായ പുരുഷന്മാര്‍ക്കും ഇതില്‍ പങ്കാളികളാകാം.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെ പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റും യൂനിഫോമും തിരിച്ചറിയല്‍ കാര്‍ഡും നല്‍കും. പദ്ധതി നടത്തിപ്പിന് തദ്ദേശ സ്ഥാപനങ്ങള്‍, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സഹകരണവും കുടുംബശ്രീ ഉറപ്പുവരുത്തിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.