സ്വാതന്ത്ര്യസമര സേനാനി കെ. മാധവന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയന്‍ കമ്യൂണിസ്റ്റുമായ കെ. മാധവന്‍ (101) അന്തരിച്ചു. കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ ഞായറാഴ്ച രാത്രി 10.20ഓടെയാണ് അന്ത്യം. പനിബാധിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകീട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
13ാം വയസ്സില്‍ 1928ല്‍ പയ്യന്നൂരില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ വളന്‍റിയറായി പങ്കെടുത്താണ് കെ. മാധവന്‍ ദേശീയപ്രസ്ഥാനത്തിന്‍െറ ഭാഗമായത്. ഗുരുവായൂര്‍ സത്യഗ്രഹത്തിലും 1930ല്‍ കേളപ്പന്‍െറ നേതൃത്വത്തില്‍ നടന്ന ഉപ്പുസത്യഗ്രഹത്തിലും പങ്കെടുത്തിരുന്നു. കയ്യൂര്‍ സമരകാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിച്ചു. പയസ്വിനിയുടെ തീരത്ത്, ഒരു ഗാന്ധിയന്‍ കമ്യൂണിസ്റ്റിന്‍െറ ഓര്‍മക്കുറിപ്പുകള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
കാഞ്ഞങ്ങാടിനടുത്ത മടിക്കൈ ഗ്രാമത്തില്‍ ഏച്ചിക്കാനത്ത് ചിറക്കര രാമന്‍ നായരുടെയും കൊഴുമ്മല്‍ ഉണ്ണാങ്ങ അമ്മയുടെയും മകനായി 1915 ആഗസ്റ്റ് 26നാണ് ജനനം. നെല്ലിക്കാട്ട് ഹില്‍വ്യൂവിലായിരുന്നു താമസം. വെള്ളിക്കോത്ത് വിജ്ഞാനദായിനി ദേശീയ സ്കൂള്‍, തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂള്‍, നീലേശ്വരം രാജാസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വിദ്വാന്‍ പി. കേളുനായരുടെ വിജ്ഞാനദായിനി ദേശീയവിദ്യാലയത്തില്‍ സംസ്കൃതം പഠിച്ചു. 1934ല്‍ എറണാകുളത്തെ ഹിന്ദികോളജില്‍നിന്ന് വിശാരദ് പാസായി. നീണ്ടകാലത്തെ ജയില്‍ ജീവിതത്തിനിടയിലാണ് മാധവേട്ടന്‍ തമിഴ്, കന്നഡ, ഇംഗ്ളീഷ് ഭാഷകള്‍ പഠിച്ചത്.
ഉപ്പുസത്യഗ്രഹജാഥയില്‍ പങ്കെടുത്തതിന് കോഴിക്കോട് കടപ്പുറത്ത് പൊലീസ് മര്‍ദനത്തിനിരയായി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആറുമാസം തടവനുഭവിച്ചു. കൊല്‍ക്കത്ത തിസീസിനെ തുടര്‍ന്ന് രാവണേശ്വരത്ത് അറസ്റ്റിലായ ഇദ്ദേഹം ലോക്കപ്പ് മര്‍ദനത്തിനിരയായി. വെല്ലൂര്‍, കടലൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ ദീര്‍ഘകാലം തടവനുഭവിച്ചു. 1972ല്‍ കേന്ദ്രസര്‍ക്കാര്‍ താമ്രപത്രം നല്‍കി ആദരിച്ചിട്ടുണ്ട്. 2013ല്‍ കണ്ണൂര്‍ സര്‍വകലാശാല ഡീലിറ്റ് ബിരുദവും സമ്മാനിച്ചു.
ഭാര്യ: മീനാക്ഷിയമ്മ. മക്കള്‍: ഇന്ദിര, അഡ്വ. സേതുമാധവന്‍, ആശാലത, ഡോ. അജയകുമാര്‍ (മുന്‍ പി.എസ്.സി അംഗം). മരുമക്കള്‍: ഗോപിനാഥന്‍ നായര്‍ (റിട്ട. വിജയബാങ്ക് ഡയറക്ടര്‍), എ.സി. ലേഖ (കാഞ്ഞങ്ങാട് ദുര്‍ഗ സ്കൂള്‍ അധ്യാപിക), പ്രഫ. തമ്പാന്‍ നമ്പ്യാര്‍ (റിട്ട. പ്രിന്‍സിപ്പല്‍), പ്രേമജ (ഗ്രാമീണ്‍ ബാങ്ക് മാനേജര്‍).  സംസ്കാരം തിങ്കളാഴ്ച.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.