തിരുവനന്തപുരം: അപകടങ്ങള്‍ക്ക് അന്വേഷണസംഘത്തെ നിയോഗിക്കുമ്പോഴും ചരക്ക് ട്രെയിനുകളില്‍ വാഗണുകളുടെ സുരക്ഷ പരിശോധിക്കാനും ക്ഷമത ഉറപ്പുവരുത്താനും മതിയായ സംവിധാനങ്ങളില്ല. ഇത്തരം പരിശോധനകള്‍ക്ക് നേരത്തേയുണ്ടായിരുന്ന ട്രെയിന്‍ എക്സാമിനര്‍ ഡിപ്പോകള്‍ ചെലവ് ചുരുക്കലിന്‍െറ ഭാഗമായി റെയില്‍വേ നിര്‍ത്തലാക്കി. യാത്രയാരംഭിക്കുന്നതിന് മുമ്പ് ട്രെയിന്‍ എക്സാമിനര്‍ പരിശോധിച്ച് ഉറപ്പുവരുത്തി നല്‍കുന്ന ബ്രേക് പവര്‍ സര്‍ട്ടിഫിക്കറ്റും ഇപ്പോള്‍ ഗുഡ്സ് ട്രെയിനുകള്‍ നിര്‍ബന്ധമല്ലാത്ത സ്ഥിതിയാണ്.

തിരുനെല്‍വേലിക്കും എറണാകുളത്തിനുമിടയില്‍ തിരുവനന്തപുരം, കൊല്ലം സ്റ്റേഷനുകളോടുചേര്‍ന്ന് പരിശോധനാ ഡിപ്പോകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവ രണ്ടും നിര്‍ത്തലാക്കി. ബ്രേക്, ആക്സിലുകള്‍, ചക്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനശേഷി, യന്ത്രഭാഗങ്ങളുടെ തേയ്മാനം, ബാലന്‍സ് ഉറപ്പുവരുത്ത സ്പ്രിങ് സംവിധാനത്തിന്‍െറ ക്ഷമത എന്നിവയടക്കം സമയമെടുത്ത് പരിശോധിച്ചാണ് എക്സാമിനര്‍ ഡിപ്പോകളില്‍ സുരക്ഷ ഉറപ്പുവരുത്തുന്നത്. നിലവില്‍ തിരുനെല്‍വേലിയില്‍നിന്ന് യാത്ര പുറപ്പെടുന്ന ചരക്ക് ട്രെയിനിന് അറ്റകുറ്റപ്പണികളോ പരിശോധനകളോ വേണ്ടിവന്നാല്‍ എറണാകുളത്ത് എത്തിയ ശേഷമേ സാധിക്കൂ.

ജീവനക്കാരുടെ എണ്ണം കുറച്ച് ലാഭം ലക്ഷ്യമാക്കിയതോടെയാണ് പരിശോധനാ സൗകര്യങ്ങള്‍ ഇല്ലാതായത്. യാത്രാ ട്രെയിനുകളുടെ സുരക്ഷക്ക് നല്‍കുന്ന പ്രാധാന്യം ചരക്ക് ട്രെയിനുകള്‍ക്കും നല്‍കണമെന്നാണ് വ്യവസ്ഥയെങ്കിലും ഇതും പാലിക്കപ്പെടുന്നില്ല. യാത്രാ ട്രെയിനുകളില്‍ ബോഗിയിലോ മറ്റോ അസ്വാഭാവികമായ ശബ്ദമോ ചലനമോ അനുഭവപ്പെട്ടാല്‍ ശ്രദ്ധയില്‍പെടുത്താന്‍ യാത്രക്കാരുണ്ട്. എന്നാല്‍, ഗുഡ്സ് വാഗണുകളില്‍ ഇത്തരം കാര്യങ്ങള്‍ അറിയാനോ അറിയിക്കാനോ മാര്‍ഗങ്ങളില്ല. യാത്രാ ട്രെയിനില്‍ ബോഗികള്‍ സമയബന്ധിതമായി അറ്റക്കുറ്റപ്പണി നടത്തുമെങ്കിലും വാഗണുകളെ പരിഗണിക്കാറില്ല.

നിര്‍മാണഘട്ടത്തില്‍ നിറച്ച ഗ്രീസുമായി ഇപ്പോഴും ഓടുന്ന 30 വര്‍ഷത്തിലേറെ പഴക്കമുള്ള വാഗണുകളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കരുനാഗപ്പള്ളിക്ക് സമീപമുണ്ടായ അപകടത്തിനും വാഗണിന്‍െറ തകരാറാണ് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. അന്വേഷണം പൂര്‍ത്തിയാകുന്ന ഘട്ടത്തിലേ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാകൂ. അപകടം നടന്ന സ്ഥലത്തിന് തൊട്ടുമുമ്പ് പാലമുണ്ട്. 60 കിലോമീറ്ററാണ് ഈ ഭാഗത്തെ ട്രെയിനുകളുടെ വേഗം. അതുകൊണ്ട് അമിതവേഗമോ ട്രാക്കിന്‍െറ അപര്യാപ്തതയോ ആണ് അപായ കാരണമെന്ന് കരുതാനാവില്ല. കറുകുറ്റി അപകടത്തിന്‍െറ പശ്ചാത്തലത്തില്‍ പാളത്തില്‍ അള്‍ട്രാസോണിക് ഫ്ളോ ഡിറ്റക്ടറിന്‍െറ സഹായത്തോടെ പരിശോധന നടത്തി വിള്ളല്‍ സാധ്യതയില്ളെന്ന് ഉറപ്പുവരുത്തിയിരുന്നതുമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.