കണ്ണൂരില്‍ വെട്ടും ബോംബുമില്ലാത്ത ദിനങ്ങളില്ലാതായി

കണ്ണൂര്‍: പ്രതികാരങ്ങള്‍ക്ക് സൈദ്ധാന്തികവ്യാഖ്യാനം നല്‍കി കണ്ണൂരിലെ കൊലപാതകരാഷ്ട്രീയം ഇനിയും കൊഴുക്കുമെന്ന് സൂചനനല്‍കുന്ന അണിയറനീക്കം ഇരുഭാഗത്തും ശക്തമായി. ബി.ജെ.പി ദേശീയസമ്മേളനം കോഴിക്കോട് നടക്കാനിരിക്കെ കണ്ണൂര്‍ കലാപരാഷ്ട്രീയത്തെ കൊഴുപ്പിച്ചുനിര്‍ത്താന്‍ സംഘ്പരിവാര്‍ നീക്കമുണ്ടെന്നും ഇത് നേരിടാനുള്ള മറുഭാഗത്തിന്‍െറ ജാഗ്രത പരിഗണിച്ച് അടുത്ത രണ്ടാഴ്ച ജില്ലയില്‍ ‘റെഡ് അലര്‍ട്ട്’ നല്‍കി മുന്നൊരുക്കം നടത്തണമെന്നും ഇന്‍റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കി. സബ്ഡിവിഷന്‍ തലത്തില്‍ ഇതിനായി സ്ട്രൈക്കിങ് ഫോഴ്സിനെ നിയോഗിക്കുമെന്നാണറിയുന്നത്.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പയ്യന്നൂര്‍ കൊലപാതകത്തെ ന്യായീകരിച്ച് നടത്തിയ ‘വരമ്പത്ത് കൂലി’ പ്രയോഗമാണ് ഇപ്പോള്‍ ജില്ലയില്‍ ഇരുവിഭാഗത്തിന്‍െറയും പ്രചാരണായുധം. ആത്മരക്ഷാര്‍ഥം തിരിച്ചടിക്കേണ്ടിവരുമെന്നതിന് നല്‍കിയതാണ് ഈ വിശേഷണമെന്ന് കോടിയേരി പിന്നീട് വിശദീകരിച്ചിരുന്നു. എന്നാല്‍, ‘വരമ്പത്ത് കൂലി’ കവര്‍ സ്റ്റോറിയാക്കി ആര്‍.എസ്.എസ് മുഖപത്രമായ ‘കേസരി’ സെപ്റ്റംബര്‍ ലക്കം ലേഖനം പ്രസിദ്ധീകരിച്ചു. സംഘ്കുടുംബങ്ങള്‍ക്ക് ആവേശം പകരുന്നതായിരുന്നു ലേഖനം. മുന്നണി അധികാരത്തില്‍ വന്നപ്പോള്‍ പാര്‍ട്ടി സെക്രട്ടറി അമിതാവേശത്തോടെ പ്രസംഗിച്ചുവെന്ന് ചില കേന്ദ്രങ്ങള്‍ ആരോപിച്ചിരുന്നു. തിങ്കളാഴ്ച പാര്‍ട്ടി പത്രത്തില്‍ കോടിയേരി എഴുതിയ ലേഖനത്തില്‍ പിണറായിസര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷമുണ്ടായ കണ്ണൂര്‍ ജില്ലയിലെ സംഘ്പരിവാര്‍ ആക്രമണങ്ങള്‍ അക്കമിട്ട് നിരത്തുകയും സമാധാനത്തിന് ആര് മുന്‍കൈ എടുത്താലും പാര്‍ട്ടി അനുസരിക്കുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു.

അതിനുപിന്നാലെ ചൊവ്വാഴ്ച ദേശാഭിമാനി നിലപാട് പേജില്‍ ആഴ്ചപംക്തിയില്‍ ‘വരമ്പത്തെ കൂലി’ എന്ന തലക്കെട്ടില്‍തന്നെ അറുപതുകളിലെ ആര്‍.എസ്.എസ് ആക്രമണങ്ങളെ ഓര്‍മിപ്പിക്കുകയും ചില ഘട്ടങ്ങളില്‍ അന്നുതന്നെ ജനങ്ങള്‍ പ്രതിരോധിച്ചിരുന്നുവെന്നും വിശദീകരിക്കുന്നു. ഇതിനിടെ, ബി.ജെ.പി വൈചാരികവിഭാഗം കണ്‍വീനര്‍ മോഹന്‍ദാസ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നല്‍കിയ കത്തില്‍ കേരളത്തെ ‘അഫ്സ്പ’ നിയമത്തിന് കീഴിലാക്കണമെന്ന് ആവശ്യപ്പെട്ടു. കശ്മീരില്‍ വിഘടനവാദികളും സൈന്യവും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലിനെക്കാള്‍ ഭീതിദമായ ആക്രമണമാണ് പിണറായി അധികാരത്തില്‍ വന്നശേഷം കണ്ണൂരില്‍ നടക്കുന്നതെന്നനിലയില്‍ വിഷയത്തെ പൊലിപ്പിക്കുകയായിരുന്നു മോഹന്‍ദാസ്. 1958ല്‍ നിലവില്‍വരുകയും വിഘടനവാദ സംഘട്ടനങ്ങള്‍ പതിവായ ആറു സംസ്ഥാനങ്ങളിലും പിന്നീട് 1990ല്‍ ജമ്മു-കശ്മീരിലും നടപ്പിലാക്കിയ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന ആംഡ് ഫോഴ്സസ് സ്പെഷല്‍ പവര്‍ ആക്ട് (അഫ്സ്പ) നടപ്പിലാക്കേണ്ടവിധം അങ്ങേയറ്റം സമാധാനം തകര്‍ന്നു എന്ന നിലയിലാണ് ആര്‍.എസ്.എസ് കണ്ണൂര്‍ രാഷ്ട്രീയസംഘര്‍ഷത്തെ വ്യാഖ്യാനിക്കുന്നത്.

ദേശീയ സമ്മേളനത്തിന്‍െറ മുന്നോടിയായി ജില്ലയില്‍ ബി.ജെ.പി 1200ഓളം കേന്ദ്രങ്ങളിലാണ് പാര്‍ട്ടി കൊടിമരം പുതുതായി സ്ഥാപിച്ചത്.
ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്‍െറ വാശി മുന്നില്‍വെച്ച് പിന്നീടുവന്ന ഗണേശോത്സവം കൂടുതല്‍ കേന്ദ്രത്തില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ചു. സി.പി.എം പ്രാദേശികകേന്ദ്രങ്ങളില്‍ പ്രതിരോധത്തിന് ‘ചൂരല്‍സേന’യെയും പരിശീലിപ്പിച്ച് തയാറെടുത്തു. പ്രവര്‍ത്തകരുടെ ചോരചിന്തിയും കടുത്ത മത്സരവീര്യത്തോടെ രംഗം കൊഴുപ്പിക്കാനുള്ള ഇത്തരം നീക്കത്തിനിടയിലാണ് ബി.ജെ.പി ദേശീയസമ്മേളനത്തില്‍ വിവാദം കത്തിക്കാവുന്ന ഒരനിഷ്ടവും ജില്ലയില്‍ ഇല്ലാതിരിക്കാന്‍ പൊലീസ് മുന്‍കരുതല്‍ തേടുന്നത്.

ഈ വര്‍ഷം ആറു കൊല, 472 കേസുകള്‍

ഫെബ്രുവരിയില്‍ അരോളിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുജിത്തിന്‍െറ കൊലയോടെയാണ് കണ്ണൂരില്‍ 2016ലെ നരഹത്യ തുടങ്ങുന്നത്. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് പിണറായിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ കൊല്ലപ്പെട്ടു. 1-1 എന്നനിലയില്‍ രംഗം അവസാനിക്കുമെന്ന് കരുതവെ ഒരു പ്രകോപനവുമില്ലാതെ പയ്യന്നൂരില്‍ സി.പി.എം പ്രവര്‍ത്തകനും അതിന് മറുപടിയായി ബി.എം.എസ് പ്രവര്‍ത്തകനും ഒറ്റരാവില്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് തില്ലങ്കേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വിനീഷ് കൊല്ലപ്പെട്ടു. ഇതിന് പുറമേ ബോംബ് നിര്‍മാണത്തിനിടയില്‍ ആര്‍.എസ്.എസ് നേതാവിന്‍െറ മകന്‍ ദീക്ഷിതും കൊല്ലപ്പെട്ടു. ജില്ലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവേളയിലും തുടര്‍ന്നുമായി നാലു മാസത്തിനിടയില്‍ 262 രാഷ്ട്രീയ അക്രമകേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ മാസം ഇതുവരെയായി 32ഓളം കേസുകളായി. ജില്ലയില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ അക്രമകേസുകള്‍ ഓരോ മാസങ്ങള്‍ തിരിച്ച് താഴെ:
ജനുവരി -50
ഫെബ്രുവരി- 60
മാര്‍ച്ച്- 26
ഏപ്രില്‍- 37
മേയ്-135
ജൂണ്‍- 38
ജൂലൈ- 49
ആഗസ്റ്റ്- 40
സെപ്റ്റംബര്‍ 16വരെ- 32

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.