ട്രെയിന്‍ യാത്രാസുരക്ഷക്ക് ഗുരുതര വെല്ലുവിളി

തിരുവനന്തപുരം: അടിക്കടിയുണ്ടാകുന്ന പാളം തെറ്റല്‍ ട്രെയിന്‍ യാത്ര സുരക്ഷയില്‍ ഗുരുതര ആശങ്കയുയര്‍ത്തുന്നു. കറുകുറ്റിയില്‍ മംഗളൂരു എക്സ്പ്രസ് പാളം തെറ്റിയതിന്‍െറ ആഘാതത്തില്‍നിന്ന് മോചിതമാകും മുമ്പാണ് വീണ്ടും യാത്രാ സുരക്ഷ ചോദ്യംചെയ്യപ്പെടുന്ന തരത്തില്‍ കരുനാഗപ്പള്ളി കല്ലുകടവിലെ അപകടം. ചരക്ക് ട്രെയിനിന് പകരം യാത്രാവണ്ടിയായിരുന്നെങ്കില്‍ വന്‍ ദുരന്തമാകുമായിരുന്നെന്നാണ് അപകടത്തിന്‍െറ ആഘാതം വിലയിരുത്തിയ ശേഷമുള്ള റെയില്‍വേയുടെ പ്രാഥമിക നിഗമനം.
പാളങ്ങളുടെ കാലപ്പഴക്കവും ട്രാക്കിലെ വിള്ളലുമാണ് അപായകാരണമെന്നാണ് വിലയിരുത്തല്‍. പകലിലെ കനത്ത ചൂടും രാത്രിയിലെ മഴയും മൂലം പാളത്തില്‍ വിള്ളല്‍ സംഭവിച്ചിരിക്കാമെന്നാണ് നിഗമനം. കേരളത്തിലെ റെയില്‍ പാളങ്ങളില്‍ ഭൂരിഭാഗവും  വലിയ ട്രാഫിക് തിരക്കുള്ളവയാണ്. അതിനാല്‍ വിള്ളലും കേടുപാടുകളും ഉണ്ടാകാന്‍ സാധ്യതയും ഏറെയാണ്.

എറണാകുളം-തിരുവനന്തപുരം സെക്ഷനില്‍ പാളങ്ങളുടെ വിനിയോഗശേഷി 100 ശതമാനത്തിനും മുകളിലാണെന്നാണ് വിലയിരുത്തല്‍. ട്രാക്കിലെ അപകട സാഹചര്യം ഒഴിവാക്കാനുള്ള നിരീക്ഷണത്തിനായി സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ ട്രാക്ക് മാന്‍ തസ്തികയിലുള്ളവരെയാണ് നിയോഗിച്ചിരിക്കുന്നത്.  ഒരു ട്രാക്ക്മാന്  ആറ് കിലോമീറ്ററാണ് പരിശോധനാ പരിധി. ഈ ദൂരപരിധിയില്‍  നാല് പ്രാവശ്യം കാല്‍നട പരിശോധന നടത്തണമെന്നാണ് വ്യവസ്ഥ.  കൂടാതെ, പാളത്തിനുള്ളിലെ വിള്ളലുകള്‍ കണ്ടത്തെുന്നതിന് അള്‍ട്രാ സോണിക് ഫ്ളോ ഡിറ്റക്ടര്‍ എന്ന സംവിധാനവുമുണ്ട്.

നാല് മീറ്റര്‍ പരിധിയില്‍ പാളത്തിനുള്ളില്‍ ചുരുങ്ങിയത് രണ്ട് തകരാറുകള്‍ കണ്ടത്തെിയാല്‍ എത്രയുംവേഗം ആ ഭാഗം മാറ്റി പുതിയത് സ്ഥാപിക്കണമെന്നാണ് പുതിയ നിര്‍ദേശം. ഇത്തരത്തില്‍ കര്‍ശന സുരക്ഷാ നിര്‍ദേശങ്ങളുണ്ടായിട്ടും ട്രെയിനുകള്‍ പാളം തെറ്റുന്നതാണ് ആശങ്കയിലാഴ്ത്തുന്നത്. 25 വര്‍ഷമാണ് റെയില്‍പാളത്തിന്‍െറ ശരാശരി ആയുസ്സെങ്കിലും സംസ്ഥാനത്ത് പല ഭാഗങ്ങളിലെയും പാളത്തിന് 50  വര്‍ഷം പഴക്കമുണ്ട്.  തിരുവനന്തപുരം ഡിവിഷന് കീഴില്‍ പാളത്തില്‍  202 സ്ഥലങ്ങളില്‍ ഇത്തരം പോരായ്മയുണ്ടെന്ന് പെര്‍മനന്‍റ് വേ ഇന്‍സ്പെകടര്‍മാര്‍  അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.